തിരുവനന്തപുരം: നഗരസഭയുടെ ഓൺലൈൻ വഴിയും കാൾ സെന്റർ മുഖേനയുമുള്ള ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ആവശ്യമായ സേവനം ലഭിക്കുന്നതിനുമായാണ് നഗരസഭ ഈ സംവിധാനം ഒരുക്കിയതെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ നഗരസഭയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അടിയന്തരമായി ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് മേയറെ നേരിട്ട് അറിയിക്കാം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ഹെൽപ്പ് ഡെസ്‌ക്. തുടർന്നുള്ള സന്ദേശങ്ങൾ വാട്സ് ആപ്പ് വഴി അറിയിക്കാം. പൊതുജനങ്ങൾ ആവശ്യപ്പെടുന്ന സേവനങ്ങൾ കോൾ സെന്റർ വഴിയും ഓൺ ലൈനായും അറിയിച്ചാൽ ആവശ്യം രജിസ്റ്റർ ചെയ്യുകയും തുടർന്ന് രജിസ്റ്റർ ചെയ്തവർക്ക് ടോക്കൺ നമ്പർ ലഭിക്കുകയും ചെയ്യും. ലഭിച്ച ടോക്കൺ നമ്പർ ഉപയോഗിച്ച് ഉന്നയിച്ച ആവശ്യത്തിന്റെ പുരോഗതി അറിയാൻ സാധിക്കും അടിയന്തര പരാതികൾ തരംതിരിച്ച് വിവിധ വകുപ്പ് മേധാവികൾക്ക് കൈമാറി പരിഹരിക്കും. ഹെൽപ്പ് ഡെസ്‌ക് നമ്പറുകൾ - 9496434409, 9496434410.