
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സോഫ്‌റ്ര്‌വെയർ സേവന കമ്പനികളിലൊന്നായ വിപ്രോ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാന പാദമായ ജനുവരി-മാർച്ചിൽ 2,345 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുൻവർഷത്തെ സമാനപാദത്തിലെ 2,493 കോടി രൂപയെ അപേക്ഷിച്ച് 5.93 ശതമാനം കുറവാണിത്.
ബംഗളൂരു ആസ്ഥാനമായുള്ള വിപ്രോ, ഒക്‌ടോബർ-ഡിസംബറിൽ പാദത്തിൽ 2,456 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരം, കഴിഞ്ഞപാദത്തിലെ ലാഭ ഇടിവ് 4.51 ശതമാനമാണ്. മാർച്ച് പാദത്തിൽ വരുമാനം 15,006 കോടി രൂപയിൽ നിന്നുയർന്ന് 15,711 കോടി രൂപയായി. വർദ്ധന 4.6 ശതമാനം. 2019-20 വർഷത്തേക്ക് ഓഹരിയുടമകൾക്ക് ഓഹരിയൊന്നിന് ഒരു രൂപ വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.