vijay-rupani

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.

കൊവിഡ് -19 സ്ഥിരീകരിച്ച കോൺഗ്രസ് എം.എൽ.എ ഇമ്രാൻ ഖെദവാലയുമായി കൂടിക്കാഴ്ച നടത്തിയതിനാലാണിത്. ഇമ്രാൻ നിലവിൽ ഗാന്ധിനഗറിലെ എസ്.വി.പി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് രൂപാണി ക്വാറൻന്റൈനിൽ പ്രവേശിച്ചത്. നിലവിൽ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വീട്ടിലിരുന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുമെന്നും സർക്കാർ അറിയിച്ചു.

ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് രൂപാണി, ഇമ്രാൻ അടക്കമുള്ള എം.എൽ.എമാരുമായി ചൊവ്വാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ 15 - 20 അടി അകലത്തിലായിരുന്നു ഇമ്രാൻ ഇരുന്നത്. ശാരീരിക സമ്പർക്കം ഉണ്ടായിട്ടില്ല. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാദ്ധ്യമ പ്രവർത്തകർ എന്നിവരുമായും ഇമ്രാൻ അടുത്ത് ഇടപഴകിയിരുന്നു.