guru

മാനവരാശിക്ക് സമാനതകളില്ലാത്ത വിധം അനുദിനം ഭീഷണി ഉയർത്തിക്കൊണ്ട് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് - 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ, ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നാം ഒരു പ്രതിവാര ഓൺലൈൻ പ്രാർത്ഥനാ യജ്ഞത്തിന് സമാരംഭം കുറിച്ചിരിക്കുകയാണ്. ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആസൂത്രണം ചെയ്തിരിക്കുന്ന ഈ ആദ്ധ്യാത്മിക സത്‌സംഗം ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസി ശ്രേഷ്ഠനും ധ്യാനാചാര്യനുമായ ശ്രീമദ് സച്ചിതാനന്ദ സ്വാമികൾ ഉത്‌ഘാടനം ചെയ്യുകയുണ്ടായി. , അദ്ദേഹത്തോടൊപ്പം മഠത്തിൽ നിന്നും ധർമ്മസംഘം മുൻ ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമിജി ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി കൂടിയായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി എന്നിവരും ആദ്യ ദിവസത്തെ യജ്ഞത്തിൽ പങ്കെടുക്കുകയുണ്ടായി .

ഗുരുസ്മരണയിൽ സമാരംഭിച്ച് ശാന്തി മന്ത്രത്തോടെ പരിസമാപിച്ച ഈ പ്രാർത്ഥനാ സംഗമം , " എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിക്കുന്ന" മഹാഗുരുവിന്റെ തൃച്ചേവടികളിൽ സമർപ്പിക്കപ്പെട്ട അർച്ചനാ പുഷ്പങ്ങൾ പോലെ ലോകത്തെമ്പാടു നിന്നുമുള്ള ആശ്രമ ബന്ധുക്കളായ സദ്‌ജനങ്ങളുടെ ഒത്തുചേരലായിരുന്നു. ഭയചകിതരായി ആശങ്കയേറുന്ന മനസ്സുമായി കഴിയാതെ , അഭയമേകി ആനന്ദമരുളുന്ന പരബ്രഹ്മ സത്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ഗുരുദേവൻ അരുളിച്ചെയ്ത പഞ്ചശുദ്ധി പാലിക്കുകയുമാണ് ഈ അവസരത്തിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളത് എന്ന് ശ്രീമദ് സച്ചിദാനന്ദ സ്വാമിജി ,അദ്ദേഹത്തിന്റെ ഉത്‌ഘാടന സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുകയുണ്ടായി.

ഗുരുദേവ ചിന്തകളും ദർശനങ്ങളും പരിചിന്തനം ചെയ്യുവാനും പ്രയോഗികവൽക്കരിക്കുവാനുമുള്ള ഒരു പ്രേരണയായി ഈ അവസരത്തെ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടിയ ഋതംഭരാനന്ദ സ്വാമിജി , നാനാ വിധ ഭേദചിന്തകളുടെയും അന്തസാരശൂന്യത ഒരിക്കൽ കൂടി വെളിവാക്കുന്ന തരത്തിൽ ലോകത്തിന്റെ വിവിധ ശ്രേണികളിൽ കഴിയുന്ന മനുഷ്യർക്ക് ഒരേ തരത്തിൽ ഭീഷണിയായിരിക്കുന്ന ഈ മഹാവ്യാധി, പലവിധ തിരിച്ചറിവുകളുടെയും കാലമാണന്ന് കൂടി കൂട്ടിച്ചേർക്കുകയുണ്ടായി.

ഗുരുദേവ ദർശനത്തിന്റെ ഗരിമ പാശ്ചാത്യലോകത്തേക്ക് പ്രസരിപ്പിക്കുക എന്ന ഉദാത്തമായ ഉൾക്കാഴ്ചയോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയേറുന്ന സന്ദർഭമാണിതെന്ന് തന്റെ സന്ദേശത്തിൽ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി പറയുകയുണ്ടായി.ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾ പരസ്പരം സഹകരിച്ചുകൊണ്ട് സമസ്ത സഹജീവികൾക്കും സ്വാന്തനമേകുവാനുള്ള പരിശ്രമങ്ങൾ നടത്തണ്ടതാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമീപകാലത്ത് നമ്മെ വിട്ടുപിരിഞ്ഞു പോയ ആശ്രമ ബന്ധുക്കളുടെ ആത്മാവിന് പ്രാർത്ഥനാപൂർവ്വം സ്വാമിജി നിത്യശാന്തി നേരുകയുണ്ടായി.

കൊറോണ വൈറസിന്റെ വ്യാപനം , മുൻകരുതലുകൾ , പ്രതിവിധികൾ , വെല്ലുവിളികൾ തുടങ്ങി എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിച്ചുകൊണ്ട് ആശ്രമം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ആരോഗ്യമേഖലയിലെ വിദഗ്‌ദയുമായ ശ്രീമതി പ്രസന്ന ബാബു ന്യൂയോർക്ക് വിശദമായി സംസാരിച്ചത് ഏവർക്കും വിജ്ഞാനപ്രദമായ ഒരു അനുഭവമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ അരുമ ശിഷ്യനായിരുന്ന ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികൾ രചിച്ച ധ്യാനാത്മകമായ പ്രാർത്ഥന ശ്രീ. സന്ദീപ് പണിക്കർ ( വാഷിംഗ്‌ടൺ ഡി.സി.) വളരെ ഹൃദ്യമായി ആലപിക്കുകയുണ്ടായി.

മുംബൈ മന്ദിരം സമിതി ചെയർമാൻ ശ്രീ. എം.ഐ. ദാമോദരൻ സാർ , ശ്രീ. ചന്ദ്രബാബു , ശിവഗിരി മഠത്തിൽ നിന്നും ഗുരുധർമ്മ പ്രചാരണ സഭ രജിസ്ട്രാർ ശ്രീ. രാജേന്ദ്രൻ, പി.ആർ. ഒ. ശ്രീ. സോമനാഥൻ ഭിലായിൽ നിന്നും ശ്രീ. വി.കെ .മുഹമ്മദ് , ഭോപ്പാലിൽ നിന്നും ശ്രീ. ശശിധരൻ , ഡൽഹി ജി.ഡി.പി.എസ് . പ്രസിഡണ്ട് ശ്രീ. റജി കുമാർ , യു.കെ.യിൽ നിന്നും ശ്രീ. ബൈജു പാലക്കൽ , ശ്രീമതി ശില്പ , ഡോ. ബിജു , നെതർലണ്ടിൽ നിന്നും ശ്രീ. സന്ദീപ് ശശിധരൻ , ഖത്തറിൽ നിന്നും ശ്രീ. ഷൈജു സജീവ് , യു.എ.യിൽ നിന്നും ശ്രീ.ഷാജി , കാനഡയിൽ നിന്നും ശ്രീമതി ഷമിതാ ഭരതൻ തുടങ്ങി ഒട്ടേറെ ആശ്രമ ബന്ധുക്കൾ അമേരിക്ക , കാനഡ , ഇംഗ്ലണ്ട് , ജർമ്മനി ഓസ്ട്രേലിയ , നെതർലാൻഡ് , യു .എ .ഇ , ഖത്തർ , ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുമായി ഒരേ സമയം ഓൺലൈനിൽ കൂടി പങ്കെടുത്തു.

നോർത്ത് അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളായ ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്‌ടൺ ഡി.സി , ശ്രീനാരായണ അസ്സോസ്സിയേഷൻ ഫിലാഡൽഫിയ , ശ്രീനാരായണ അസ്സോസ്സിയേഷൻ ന്യൂയോർക്ക് , ഗുരുധർമ്മ പ്രചാരണ സഭ അരിസോണ , ഗുരുധർമ്മ പ്രചാരണ സഭ ഡാളസ് , ശ്രീനാരായണ ഗുരുമിഷൻ ഹൂസ്റ്റൺ , ശ്രീനാരായണ അസ്സോസ്സിയേഷൻ കാലിഫോർണിയ , ശ്രീനാരായണ അസ്സോസ്സിയേഷൻ ടൊറോന്റോ , ഗുരുകൃപ എഡ്‌മണ്ടൻ എന്നിവയുടെ പ്രതിനിധികളും കുടുംബാംഗങ്ങളും ഗുരുവന്ദനം വിശ്വശാന്തി പ്രാർത്ഥനാ യജ്ഞവുമായിസജീവമായി സഹകരിക്കുകയുണ്ടായി

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി മനോജ് തങ്കച്ചൻ സ്വാഗതവും . വൈസ് പ്രസിഡണ്ട് അശോകൻ വേങ്ങശ്ശേരി നന്ദിയും പ്രകാശിപ്പിച്ചു. വൈസ് പ്രസിഡണ്ട് മനോജ് കുട്ടപ്പൻ , ട്രഷറർ സന്തോഷ് വിശ്വനാഥൻ, ആശ്രമം ജനറൽ കൺവീനർ ശ്രീനി പൊന്നച്ചൻ , ജോയിന്റ് സെക്രട്ടറി അനൂപ് രവീന്ദ്രനാഥ് , ജോയിന്റ് ട്രഷറർ സുജി വാസവൻ , ട്രസ്റ്റി ബോർഡ് അംഗം സാജൻ നടരാജൻ എന്നിവർ നേതൃത്വം നൽകുകയുണ്ടായി.

ശിവഗിരി ധർമ്മ സംഘം ട്രസ്ററ് ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമിജിയാണ് അടുത്ത വാരാന്ത്യത്തിലെ ( ഏപ്രിൽ 19 ഞായർ ) പ്രാർത്ഥനാ യജ്ഞം നയിക്കുന്നത്.