തൃശൂർ: ലോക്ക്ഡൗൺ മൂലം ബാർബർ ഷോപ്പുകളും തുറക്കാതായ സാഹചര്യത്തിൽ യുവ നേതാവ് ബാപ്പയുടെ മുടി വെട്ടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമദ് റിയാസാണ് പിതൃസ്നേഹത്തിന്റെ മുഖംകൂടി അനാവരണം ചെയ്യുന്ന ചിത്രം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനാണ് റിയാസിന്റെ പിതാവ് പി.എം. അബ്ദുൽ ഖാദർ. മുടി വളരുന്നതിന് ഒരു പരിധി സ്വയം ശീലിച്ചയാളാണ് അദ്ദേഹം. പതിവിൽ കവിഞ്ഞ് മുടി വളർന്നതോടെ ഡ്രിമ്മർ ഉപയോഗിച്ച് അത് മുറിച്ച് ബാപ്പയെ സ്വസ്ഥമാക്കുകയായിരുന്നു മകൻ. ഈ കൊവിഡ് വ്യാപന ഭീഷണിയുടെ കാലത്ത് എല്ലാവരും സമൂഹത്തോടെന്നപോലെ സ്വന്തം വീടുകളിലുള്ളവരോടും കരുതലും സ്നേഹവും പ്രകടമാക്കാൻ ശ്രദ്ധിക്കണമെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോൾ റിയാസ് പ്രതികരിച്ചത്.