മുംബയ്: കൊവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു. മുംബയിലെ നായർ ഹോസ്പിറ്റലിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. കൊവിഡ് വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട 29 കാരി വാഷ്റൂമിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. ആസ്ത്മയെ തുടർന്നാണ് തിങ്കളാഴ്ച വർളി സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് സംശയത്തെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്ച പരിശോധനാ ഫലം വന്നപ്പോൾ കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് ഇവരെ കൊവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച മുംബയ് അകോളയിലെ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട കുടിയേറ്റ തൊഴിലാളി കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തിരുന്നു.