;തിരുവനന്തപുരം: കൊവിഡിന്റെ ചങ്ങല പൊട്ടിച്ച് കേരളം ലോകത്തിന് മാതൃകയാവുമ്പോൾ, നിശബ്‌ദ വിപ്ലവം നയിക്കുകയാണ് അഗ്നിശമനസേന. തീ കെടുത്താനും വെള്ളത്തിൽ മുങ്ങി ആളുകളെ പൊക്കിയെടുക്കാനും മാത്രമല്ല, മറ്റ് ദുരന്തങ്ങളിലും നാടിനെ രക്ഷിക്കാനും നിരാലംബരെ അന്നമൂട്ടാനും കഴിയുമെന്ന് അവർതെളിയിച്ചു.
കൊവിഡിനെ തുരത്താനുള്ള അണുനശീകരണ പ്രവർത്തനങ്ങൾക്കൊപ്പം,പതിനായിരത്തോളം പേർക്ക് ജീവൻരക്ഷാമരുന്നുകളും, ഇരുപതിനായിരത്തിലേറെപ്പേർക്ക് ഭക്ഷണവും അത്യാസന്ന നിലയിലായ അഞ്ഞൂറോളം പേർക്ക് ആശുപത്രിയികളിലേയ്ക്ക് ആംബുലൻസും എത്തിച്ചാണ് ഫയർഫോഴ്സ് കേരളത്തിന് തുണയായത്.
. ആശുപത്രികളും മാർക്കറ്റുകളും ഭക്ഷ്യഗോഡൗണുകളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കിയായിരുന്നു തുടക്കം. രണ്ടായിരത്തോളം ആശുപത്രികൾ ശുദ്ധീകരിച്ചു. രോഗലക്ഷണങ്ങളുള്ളവരെ ചികിത്സിക്കാനും പാർപ്പിക്കാനുമുള്ള പ്രത്യേക വാർഡുകളും ഐസൊലേഷൻ, ക്വാറന്റൈൻ കേന്ദ്രങ്ങളും അണുവിമുക്തമാക്കി. ജനങ്ങളേറെയെത്തുന്ന ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ, മാർക്കറ്റുകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ അണു വിമുക്തമാക്കി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുവാഹനങ്ങൾ അതിർത്തികളിൽ അണുവിമുക്തമാക്കാനുള്ള ചുമതലയും ഫയർഫോഴ്സിനാണ്. എറണാകുളത്ത് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ പതിനായിരം ലിറ്റർ സോഡിയം ഹൈപ്പോ ക്ലോറേറ്റ് ഉപയോഗിച്ചുകഴിഞ്ഞു. ഇരുന്നൂറ് ലിറ്റർ വെള്ളത്തിൽ ഇത് ഒരുലിറ്റർ ചേർത്ത് തളിച്ചാൽ കൊവിഡ് പമ്പ കടക്കും.
ശസ്ത്രക്രിയ കഴിഞ്ഞവരും, ഗുരുതര രോഗികളുമടക്കം 9873പേർക്കാണ് ഇന്നലെ വൈകിട്ട് വരെ ഫയർഫോഴ്സ് അവശ്യമരുന്നുകളെത്തിച്ചത്. ഇടുക്കിയിലെയും വയനാട്ടിലെയും മലയോരമേഖലകളിലും ആദിവാസി കോളനികളിലും വരെ മരുന്നുമായി ഓടിയെത്തി.ഇതിന് ക്വിക്ക് റെസ്പോൺസ് വാഹനങ്ങൾ ജില്ലകളിൽ സജ്ജമാക്കിയിരുന്നു. അന്യ ജില്ലകളിൽ വരെ മരുന്നെത്തിച്ചു ഡയാലിസിസ് മുടങ്ങിയ ഇടുക്കിയിലെ രോഗികളെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. ആർ.സി.സിയിൽ കീമോതെറാപ്പി മുടങ്ങിയ രോഗിയെ അടിമാലിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തിക്കും. കാസർകോട്ടെ രോഗികളെ കർണാടക അതിർത്തിവരെ എത്തിക്കുന്ന ചെയിൻ ആംബുലൻസ് സർവീസുമുണ്ട്.
തനിച്ച് താമസിക്കുന്നവർക്കും പ്രായമുള്ളവർക്കും സാമൂഹ്യഅടുക്കളകളുടെ സഹായത്തോടെ വീടുകളിൽ മൂന്ന് നേരം ഭക്ഷണമെത്തിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളും അണുവിമുക്തമാക്കുന്നു. സെക്രട്ടേറിയറ്റ് വാർറൂമിലെ നിർദ്ദേശപ്രകാരം അടിയന്തരപ്രാധാന്യമുള്ള മറ്റ് ദൗത്യങ്ങൾ ഏറ്റെടുക്കാനും ഫയർഫോഴ്സ് റെഡി..
'സ്വന്തം സുരക്ഷയോ ഡ്യൂട്ടി സമയമോ പരിഗണിക്കാതെ സേനാംഗങ്ങൾ കൊവിഡിനെ തുരത്താനുള്ള ദൗത്യത്തിന്റെ മുൻനിരയിലുണ്ട്. പതിനായിരം പേർക്ക് ജീവൻരക്ഷാമരുന്നെത്തിച്ചത് അഭിമാനകരമാണ്-
-എ.ഹേമചന്ദ്രൻ
അഗ്നിശമനസേനാ മേധാവി