ന്യൂഡൽഹി : കൊവിഡിനെത്തുടർന്ന് ഇന്ത്യയിൽ ലോക്ക്ഡൗൺ മേയ് മൂന്ന് വരെ നീട്ടിയതിനെത്തുടർന്ന് ഇൗ സീസൺ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. വരുന്ന സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ടൂർണമെന്റ് നടത്താൻ കഴിയുമോ എന്ന് പിന്നീട് പരിശോധിക്കുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 29നാണ് ഇൗ സീസൺ മത്സരങ്ങൾ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ 23 മുതൽ രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ഏപ്രിൽ 15 വരെ മാറ്റിവയ്ക്കാൻ തീരുമാനിച്ചു. അടച്ചിട്ട ഗാലറിയ്ക്ക് മുന്നിൽ കളി നടത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും വിദേശതാരങ്ങൾക്ക് യാത്രാ വിലക്ക് മൂലം എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് നീട്ടിവച്ചത്. ഇന്നലെ ലോക്ക് ഡൗൺ മാറ്റിയിരുന്നെങ്കിലും ഐ.പി.എൽ മുഴുവനായി നടത്താൻ കഴിയുന്ന കാര്യം സംശയമായിരുന്നു. ഇതോടെയാണ് ഒൗദ്യോഗികമായി ലോക്ക് ഡൗൺ നീട്ടിയ തീരുമാനം വരുംവരെ കാത്തിരുന്നശേഷം ബി.സി.സി.ഐ തങ്ങളുടെ നിലപാട് അറിയിച്ചത്. എട്ട് ഫ്രാഞ്ചൈസികളെയും ബി.സി.സി.ഐ തീരുമാനം അറിയിച്ചിട്ടുണ്ട്.
ലോകകപ്പ് മാറ്റിയാൽ
ഇനി ഇൗ വർഷം ഐ.പി.എൽ നടക്കുവാനുള്ള സാദ്ധ്യത ബി.സി.സി.ഐ തേടുന്നത് വരുന്ന ഒക്ടോബറിൽ ആസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ്. കൊവിഡിനെ പ്രതിരോധിക്കാനായി ആസ്ട്രേലിയ ആറുമാസത്തേക്ക് നാവിക - വ്യോമ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. ഇക്കാരണത്താൽ ലോകകപ്പ് മാറ്റിച്ചേക്കും എന്ന സൂചനകൾ ശക്തമാണ്. ഇന്ത്യയിലെ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ആ സമയത്ത് ഐ.പി.എൽ നടത്താം എന്നാണ് ബി.സിസി.ഐ കരുതുന്നത്. ഇൗ സമയത്ത് ലോകകപ്പ് ഇല്ലെങ്കിൽ എല്ലാ രാജ്യങ്ങളിലെയും കളിക്കാർ ഫ്രീ ആയിരിക്കും . എല്ലാ രാജ്യങ്ങളിലെയും താരങ്ങളെ പങ്കെടുപ്പിച്ച് ഐ.പി.എൽ നടത്താൻ മറ്റൊരു സമയവും ലഭിക്കില്ല.
എഫ്.ടി.പി
അടുത്ത വർഷത്തേക്കുള്ള ബി.സി.സി.ഐയുടെ ഫ്യൂച്ചർ ടൂർ പ്രോഗ്രാം നേരത്തേ തയ്യാറായതാണ്. അതിൽ ഐ.സി.സി മാറ്റം വരുത്തിയാൽ മാത്രമേ ഒക്ടോബറിൽ ലോകകപ്പിന് പകരം ഐ.പി.എൽ നടത്താനാകൂ.ആസ്ട്രേലിയ ലോകകപ്പ് നടത്തുന്നതിൽ നിന്ന് പിന്മാറിയാൽ മാത്രമേ ഇതേപ്പറ്റി ആലോചിക്കേണ്ടതുള്ളൂ. അഥവാ ലോകകപ്പ് മാറ്റുകയും ആ സമയത്ത് ഐ.പി.എൽ നടത്തുകയും ചെയ്താൽ അടുത്ത കൊല്ലം ഐ.പി.എല്ലിന്റെ സമയം ലോകകപ്പ് നടത്താനായി വിട്ടുകൊടുക്കേണ്ടി വന്നേക്കാം.
സവർത്ര നഷ്ടം
ഒരു സീസൺ ഐ.പി.എൽ നടക്കാതിരുന്നാൽ സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് മാത്രമല്ല നഷ്ടം. സ്വദേശത്തെയും വിദേശത്തെയും മുൻനിര താരങ്ങൾ മുതൽ റിസർവായി ടീമിലെത്തുന്ന യുവതാരങ്ങൾ വരെയുള്ളവരുടെ വരുമാനത്തിനും തിരിച്ചടിയാകും. പലർക്കും ദേശീയ ടീമിലേക്കുള്ള ചവിട്ടുപടിയാണ് ഐ.പി.എൽ. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും സഞ്ജു സാംസണുമടക്കം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് ശ്രമിക്കുന്നവർക്കും ടൂർണമെന്റ് റദ്ദാക്കിയാൽ നഷ്ടക്കച്ചവടമാകും. സംപ്രേഷണാവകാശം നേടിയ ചാനലിനും വലിയ നഷ്ടമാണ്.
ഐ.പി.എല്ലിനെക്കുറിച്ച് ഒന്നും പ്ളാൻ ചെയ്യാനാകാത്ത സ്ഥിതിയാണ്. ലോകം എപ്പോഴാണ് കൊവിഡിൽ നിന്ന് മുക്തി നേടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങളെല്ലാം. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ വരും വർഷങ്ങളിലേക്കുള്ള മത്സരങ്ങളെല്ലാം ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ ഇൗ വർഷവാസാനം ഐ.പി.എൽ നടത്തുന്നകാര്യവും പ്രയാസമാണ്.
സൗരവ് ഗാംഗുലി , ബി.സി.സി.ഐ പ്രസിഡന്റ്