തൃശൂർ:ലോക്ക് ഡൗണിനെത്തുടർന്ന് ഇത്തവണത്തെ തൃശൂർ പൂരം പൂർണമായി ഉപേക്ഷിക്കാൻ കളക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായി. അഞ്ച് പേരിൽ കൂടുതൽ പേർ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ലെന്ന കർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ പൂരം നടത്താൻ സാധിക്കില്ലെന്ന് യോഗം വിലയിരുത്തി. ക്ഷേത്രത്തിൽ നടക്കുന്ന പതിവ് ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ. മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ, ടി.എൻ. പ്രതാപൻ എം.പി, മേയർ അജിത വിജയൻ, കളക്ടർ എസ്. ഷാനവാസ്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികളായ പ്രൊഫ. എം. മാധവൻ കുട്ടി, രാജേഷ് പൊതുവാൾ, ഡിവിഷൻ കൗൺസിലർ എം.എസ്. സമ്പൂർണ എന്നിവർ പങ്കെടുത്തു.
പൂർണമായും മുടങ്ങുന്നത് ഇതാദ്യം
മുൻകാലങ്ങളിൽ നാലു തവണ പൂരം ചടങ്ങ് മാത്രമായി നടത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് പൂർണമായും ഉപേക്ഷിക്കുന്നത്. 1948 ൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് ദുഃഖ സൂചകമായി പൂരം ഉപേക്ഷിച്ചിരുന്നു.1957 ൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പൂരം ചടങ്ങാക്കി മാറ്റിയിരുന്നു. 62 ൽ ഇന്ത്യാ- ചൈന യുദ്ധക്കാലത്തും 63ൽ പൂരം പ്രദർശന കമ്മിറ്റി പൂരം നടത്തിപ്പിലേക്ക് സഹായം നൽകാത്തതിൽ പ്രതിഷേധിച്ചും പൂരം പേരിലൊതുക്കിയിരുന്നു.