വാഷിംഗ്ടൺ ഡി.സി: ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്കയുടെ ധനസഹായം താത്കാലികമായി നിറുത്തിവച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധം നിർണായഘട്ടത്തിലെത്തിയിരിക്കെ, ഡബ്യു.എച്ച്.ഒയ്ക്കെതിരായ ട്രംപിന്റെ നടപടി ലോകരാജ്യങ്ങളെ ഞെട്ടിച്ചു.
കൊവിഡ് മഹാമാരി തടയുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്പര്യങ്ങൾക്ക് അനുസൃതമായി മാത്രമാണ് പ്രവർത്തിച്ചതെന്ന് ട്രംപ് ആരോപിച്ചു. കൊവിഡ് വ്യാപന വിവരങ്ങൾ മൂടിവച്ചതിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് പരിശോധിക്കും. അതുവരെ പണം നൽകില്ല.
ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്നത് അമേരിക്കയാണ്. കഴിഞ്ഞ വർഷം മാത്രം അമേരിക്ക 400 ദശലക്ഷം ഡോളറാണ് (3065 കോടി രൂപ) നൽകിയത്. കൊവിഡ് വ്യാപനത്തിൽ ചൈന പറയുന്നതെല്ലാം വിശ്വസിച്ച് ലോകത്തെയാകെ അപകടത്തിലാക്കിയ സംഘടനയ്ക്ക് ഇനി സഹായം നൽകുന്നതിൽ അർത്ഥമില്ലെന്നാണ് ട്രംപിന്റെ വാദം. ജർമ്മനിയും ചൈനയും അടക്കമുള്ള ലോകരാജ്യങ്ങൾ തീരുമാനം പുനഃ പരിശോധിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു.
ഒന്നിച്ച് നിൽക്കാനുള്ള സമയമെന്ന് ഐക്യരാഷ്ട്ര സഭ
ലോകാരോഗ്യ സംഘടന അടക്കമുള്ളവയ്ക്ക് നൽകുന്ന സഹായം കുറയ്ക്കാനുള്ള സമയമല്ല ഇതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ട്രംപിനെ ഓർമ്മപ്പെടുത്തി. 'വൈറസിനെ ഇല്ലായ്മ ചെയ്യാൻ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. അന്താരാഷ്ട്ര സമൂഹം വൈറസിനെതിരേ ഒന്നിച്ച് പോരാടണം. ഈ യുദ്ധത്തിൽ വിജയിക്കാൻ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കണമെന്നും" ഗുട്ടെറസ് പറഞ്ഞു.
ലോകാരോഗ്യ സംഘടന
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടന
നിലവിൽ കൊവിഡ് വ്യാപനം തടയാൻ 100 കോടി ഡോളറിലേറെ ആവശ്യമുണ്ട്.
'അമേരിക്ക ആദ്യം" എന്ന അജണ്ടയുള്ള ട്രംപ് ഇതിന് മുമ്പ് പലതവണ യു.എന്നുമായി കൊമ്പുകോർത്തിട്ടുണ്ട്. പലതവണ സഹായങ്ങൾ നിറുത്തലാക്കി. ട്രംപ് അധികാരം ഏറ്റെടുത്ത ശേഷം ആഗോള കാലാവസ്ഥാ കരാർ, ഇറാൻ ആണവകരാർ എന്നിവയെ എതിർത്ത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി, യുനെസ്കോ എന്നീ സംഘടനകളിൽ നിന്ന് യു.എസ് പിൻവാങ്ങിയിരുന്നു.
2017ൽ പാലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യു.എൻ പോപ്പുലേഷൻ ഫണ്ടിന്റെ ധനസഹായം വെട്ടിക്കുറച്ചു. 2018ൽ യു.എന്നിന്റെ വ്യോമയാന ഏജൻസിക്ക് നൽകിയിരുന്ന സഹായം
തടഞ്ഞുവച്ചു.