പാനൂർ: നാലാം ക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവായ അദ്ധ്യാപകൻ സമ്മർദ്ദങ്ങൾക്കൊടുവിൽ അറസ്റ്റിൽ. പാലത്തായി യു.പി സ്കൂൾ അദ്ധ്യാപകനും തൃപ്പങ്ങോട്ടൂർ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ടു കുനിയിൽ പത്മരാജനെയാണ് (45) തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
മാർച്ച് 17ന് പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ സി.പി.എമ്മിനെതിരെയും സ്ഥലം എം.എൽ.എ കൂടിയായ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്കെതിരെയും കടുത്ത വിമർശനമുയർന്നതിനെ തുടർന്ന് ഡി.ജി.പി കഴിഞ്ഞദിവസം തലശ്ശേരി ഡിവൈ.എസ്.പിയെ ബന്ധപ്പെട്ട് പ്രതിയെ ഉടൻ പിടികൂടാൻ നിർദ്ദേശം നല്കിയിരുന്നു.
പരാതിയിൽ പൊലീസ് ഗൗരവം കാണിച്ചില്ലെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. കുട്ടി മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ച് പ്രതിയെ അറസ്റ്റുചെയ്യുകയാണ് പൊലീസ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതായി സി.പി.എം ജില്ലാ കമ്മിറ്റി ഒടുവിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന് സി.പി.എം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
അദ്ധ്യാപകന്റെ സുഹൃത്തുക്കളായ ചിലരെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചത്. ഡിവൈ.എസ്.പിയുടെയും പാനൂർ സി.ഐ ഇ.വി. ഫായിസ് അലിയുടെയും കൊളവല്ലൂർ സി.ഐ ലതീഷ് കുമാറിന്റെയും നേതൃത്വത്തിൽ പൊയിലൂരിലെ ചില വീടുകളിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. 15ഓളം വീടുകളിൽ പരിശോധന നടത്തിയതായും പ്രതി പൊലീസ് പരിശോധനയ്ക്കിടെ വീടുകളിൽ നിന്ന് വീടുകളിലേക്ക് ഓടിക്കയറിയതായും പൊലീസ് പറഞ്ഞു. ബി.ജെ.പി പ്രവർത്തകനായ പൊയിലൂർ തട്ടിൽപീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് 3.30ഓടെയാണ് പ്രതിയെ പിടികൂടിയത്.
ബി.ജെ.പി നേതാക്കളുടെ ഒത്താശയോടെയാണ് പാർട്ടി പ്രവർത്തകരുടെ വീടുകളിൽ പ്രതി ഒളിവിൽ കഴിഞ്ഞതെന്ന് സി.പി.എം ആരോപിച്ചു. പ്രദേശത്ത് തന്നെ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടാൻ വൈകിയതിൽ പൊലീസിനെതിരെ ആക്ഷേപം ശക്തമായിട്ടുണ്ട്. പത്മരാജനെതിരെ കുട്ടിയുടെ സഹപാഠിയും കഴിഞ്ഞദിവസം മൊഴി നല്കിയിരുന്നു. മറ്റു കുട്ടികളോടും ഇയാൾ മോശമായി പെരുമാറിയതായും മൊഴിയുണ്ട്.