mahesh
തന്ത്രി മഹേഷ് മോഹനര് വിഷുക്കൈനീട്ടം നൽകുന്നു

ശബരിമല: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ശബരിമലയിൽ വിഷു ആഘോഷം നടന്നത് ഭക്തരുടെ തിരക്കില്ലാതെ. ഡ്യൂട്ടിയിലുള്ള ദേവസ്വം ബോർഡ് ജീവനക്കാരും പൊലീസുകാരും മാത്രമാണ് വിഷുക്കണി ദർശിക്കാനുണ്ടായിരുന്നത്.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി പുലർച്ചെ ശ്രീകോവിൽ നട തുറന്നു. വിളക്കുകൾ തെളിച്ച് ഭഗവാനെ വിഷുക്കണി കാണിച്ചു. ദർശനം നടത്തിയവർക്ക് തന്ത്രിയും മേൽശാന്തിയും നാണയത്തുട്ടുകൾ കൈ നീട്ടമായി നൽകി. കണിയൊരുക്കിയത് അര മണിക്കൂർ ശ്രീകോവിലിനുള്ളിൽ വച്ചിരുന്നു. മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമവും പ്രസാദ വിതരണവും നടന്നു. പിന്നീട് കണിയൊരുക്കുകൾ മാറ്റി അയ്യപ്പന് ഭസ്മം, ജലം, പാൽ, തേൻ, പഞ്ചാമൃതം, ഇളനീർ എന്നിവ കൊണ്ടുള്ള പതിവ് അഭിഷേകം നടത്തി. സ്വർണക്കുടത്തിൽ കൊണ്ടുവന്ന നെയ്യ് വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. 7.30ന് ഉഷ:പൂജ നടന്നു. തുടർന്ന് കലശാഭിഷേകവും ഉച്ചപൂജയും നടത്തി. മേടമാസ പൂജ പൂർത്തിയാക്കി 18ന് നട അടയ്ക്കും.