modi

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന് മലേഷ്യയെ സഹായിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് കൊവിഡ് രോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ ഇന്ത്യ മലേഷ്യയ്‌ക്ക് നൽകും. ഇത്തരത്തിൽ 89,100 ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളാണ്നൽകുക. നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചാണ് ആപത്‌ഘട്ടത്തിൽ ഇന്ത്യയുടെ സഹായം. മരുന്ന് നൽകണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യൻ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീൻ ജാഫർ പ്രസ്‌താ‌വിച്ചു.

ലഭ്യത കണക്കാക്കി ഇന്ത്യയിൽ നിന്ന് കൂടുതൽ ടാബ്‌ലറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുമെന്ന് കമറുദ്ദീൻ ജാഫർ പറഞ്ഞു. എന്നാൽ മലേഷ്യയുടെ പ്രസ്‌താവനയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 10 ലക്ഷം ടാബ്‌ലറ്റുകളാണ് മലേഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം.

ദക്ഷിണേഷ്യയിൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. 5,000 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 82പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ‌്തു. ടെവ ഫാർമസ്യൂട്ടിക്കൽസ്, ഐ.പി.സി.എ ലബോറട്ടറീസ്, കാഡില ഹെൽത്ത്‌കെയർ എന്നീ കമ്പനികളാണ് പ്രധാനമായും ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ ഉത്പാദിപ്പിക്കുന്നത്. ഇത്തരത്തിൽ ലോകത്തിൽ തന്നെ ഏറ്റവുമധികം ടാബ്‌ലറ്റുകൾ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.