bank-loans

കൊച്ചി: ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ വായ്‌പകൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം നിലവിലെ മൂന്നുമാസത്തിൽ നിന്ന് ആറുമാസമായി ഉയർത്താൻ ബാങ്കുകൾ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടേക്കും. മാർച്ച് 27നാണ് റിസർവ് ബാങ്ക്, മൂന്നുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം തിരഞ്ഞെടുക്കുന്നവർ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വായ്‌പാത്തവണ അടയ്ക്കേണ്ട.

ഇതിന് ബാങ്കുകൾ പിഴ ചുമത്തില്ല. ക്രെഡിറ്ര് സ്കോറിനെയും ബാധിക്കില്ല. അതേസമയം, മൂന്നുമാസത്തെയും പലിശ ബാങ്കുകൾ പിന്നീട് ഈടാക്കും. വായ്‌പ തിരിച്ചടയ്ക്കാൻ മൂന്നുമാസത്തെ അധിക കാലാവധി പിന്നീട് കിട്ടും. ഈ മൂന്നുമാസത്തെ പലിശയും ബാങ്ക് ഈടാക്കും. ലോക്ക് ഡൗൺ നീട്ടിയതിനാൽ, സമ്പദ്‌സ്ഥിതി ഉടൻ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും മോറട്ടോറിയം ജൂൺ-ആഗസ്‌റ്റ് കാലയളവിലേക്കും നീട്ടണമെന്നുമാണ് ബാങ്കുകളുടെ ആവശ്യം. ഇക്കാര്യം ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ) ഈയാഴ്‌ച ചർച്ച ചെയ്യും. തുടർന്നാകും റിസർവ് ബാങ്കിനെ സമീപിക്കുക.

അവശ്യസേവനത്തിൽ

എൻ.ബി.എഫ്.സിയും വേണം

ബാങ്കിതര ധനകാര്യ കാര്യ സ്ഥാപനങ്ങളെയും (എൻ.ബി.എഫ്.സി) അവശ്യ സേവനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രീസ് (സി.ഐ.ഐ) ആവശ്യപ്പെട്ടു. എം.എസ്.എം.ഇകൾ, ഗ്രാമാധിഷ്‌ഠിത കാർഷിക, വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പണലഭ്യത ഉറപ്പാക്കാൻ എൻ.ബി.എഫ്.സികളുടെ പ്രവർത്തനം അനിവാര്യമാണെന്നും സി.ഐ.ഐ അഭിപ്രായപ്പെട്ടു.