ഇന്ത്യയിൽ കായികമത്സരങ്ങൾ പൂർവ്വസ്ഥിതിയിലെത്താൻ മാസങ്ങളെടുക്കുമെന്ന് ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി : കൊവിഡിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ രാജ്യം പരിശ്രമിക്കുമ്പോഴും ഇന്ത്യയിൽ കായിക ടൂർണമെന്റുകൾ എന്ന് പുനരാരംഭിക്കാനാകും എന്നതിൽ ഒരു ഉറപ്പുമില്ല. മേയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിപ്പിച്ചാൽ പോലും ദേശീയ തലത്തിൽ ടൂർണമെന്റുകൾ നടത്താൻ മാസങ്ങളെടുത്തേക്കാം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.
സ്റ്റേഡിയങ്ങളിൽ കാണികളില്ലാതെ മാത്രമേ ആദ്യഘട്ടത്തിൽ മത്സരങ്ങൾ നടത്താനാകൂ.എങ്കിലും മത്സരങ്ങൾക്ക് വേണ്ടി സംഘമായുള്ള യാത്രകൾ അപകടസാദ്ധ്യതയുള്ളതാണ്.ഇറ്റലി പോലുള്ള വിദേശരാജ്യങ്ങളിൽ രോഗവ്യാപനത്തിന് വഴിമരുന്നിട്ടത് ഫുട്ബാൾ ഗാലറികളിലെത്തിയ ജനക്കൂട്ടമാണ്. പല അന്താരാഷ്ട്ര ഫുട്ബാൾ താരങ്ങളും രോഗത്തിന്റെ പിടിയിലായി.
അന്താരാഷ്ട്ര രംഗത്ത് കായികരംഗം കനത്ത തിരിച്ചടിയാണ് കൊവിഡിൽ നിന്ന് നേരിട്ടത്. ഒളിമ്പിക്സ്, വിംബിൾഡൺ, ഫ്രഞ്ച് ഒാപ്പൺ, ഐ.പി.എൽ , യൂറോപ്യൻ ഫുട്ബാൾ ലീഗുകൾ എന്നിവയെല്ലാം തടസപ്പെട്ടു. വിംബിൾഡൺ റദ്ദാക്കുകയാണ് ചെയ്തത്. ഇതിലെല്ലാം കനത്ത നഷ്ടം നേടരിടുന്നത് സ്പോർട്സ് ചാനലുകളാണ്.ഒരു മാസത്തോളമായി എല്ലാ സ്പോർട്സ് ചാനലുകളും പഴയ മത്സരങ്ങൾ സംപ്രേഷണം ചെയ്യുകയാണ്.