തിരുവനന്തപുരത്ത്, മരുതംകുഴിയിലെ 'ഗൗരീശ'ത്തിൽ ലോക്ക് ഡൗണിന്റെ ഇടവേളയിൽ പഴയ സിനിമകൾ കണ്ടിരിക്കുമ്പോൾ അരുൺ എ. ഉണ്ണിത്താൻ കോർഡൺ ബിൽഡേഴ്സിന്റെ മാനേജിംഗ് ഡയറക്‌ടർ അല്ല; നല്ല ഒന്നാന്തരം പ്രേക്ഷകൻ. പിന്നെ, ഭക്ഷണത്തിന് നല്ല രുചി വേണമെന്നും, അത് ആവശ്യത്തിന് അളവിൽ വേണമെന്നും നിർബന്ധമുള്ള വീട്ടുകാരൻ! കൊവിഡ് പ്രതിസന്ധി ബിസിനസിൽ വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ടെൻഷനില്ലേ എന്ന ചോദ്യത്തിന്റെ മുഖത്തു നോക്കി, ഇതിലും വലിയ വെല്ലുവിളികൾ നേരിട്ടല്ലേ ഇതുവരെ എത്തിയതെന്ന് ചില 'വിദ്യാഭ്യാസകാല വെല്ലുവിളികൾ' ഒളിപ്പിച്ചുവച്ച പൊട്ടിച്ചിരിയോടെ മറുപടി.
അച്ഛൻ അയ്യപ്പൻ ഉണ്ണിത്താനും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേർന്ന കുടുംബ ബിസിനസ് ആയ കോർഡിയൽ ബിൽഡേഴ്സിൽ ഏഴു വർഷത്തെ ഉദ്യോഗം കഴിഞ്ഞ്, മുപ്പത്തിയൊന്നാം വയസ്സിൽ കോർഡൺ എന്ന പേരിൽ സ്വന്തം കൺസ്ട്രക്‌ഷൻ- റിയൽ എസ്റ്റേറ്റ് സംരംഭവുമായി ഇറങ്ങുമ്പോൾ മുതൽ അരുൺ ഉണ്ണിത്താന്റെ തത്വശാസ്‌ത്രം അല്‌പം വ്യത്യസ്‌തം: കൈയിലൊതുങ്ങുന്ന ബിസിനസേ ചെയ്യാവൂ. ചെയ്യുന്നതെന്തും ആസ്വദിച്ച് ചെയ്യുക! ബിസിനസിലെ ഈ തത്വശാസ്ത്രം തന്നെ അരുണിന് ജീവിതത്തിലും. അതുകൊണ്ട് ടെൻഷനില്ല. നമുക്കും കുടുംബത്തിനും മാന്യമായി ജീവിക്കാൻ വേണ്ടുന്നതിലും കവിഞ്ഞ സമ്പാദ്യത്തിനായി ജോലി ചെയ്യുന്നത് മണ്ടത്തരമെന്ന് അമിതാഗ്രഹികൾക്ക് അരുണിന്റെ മാർഗനിർദ്ദേശം.
പഠിക്കാൻ ആഗ്രഹിച്ചത് എൽ.എൽ.ബി. പഠിക്കേണ്ടി വന്നത് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്. ചെയ്യാൻ അഗ്രഹിച്ച ജോലി പൊലീസുകാരന്റേത് (ഐ.പി.എസ് അല്ലെന്ന് അരുണിന്റെ ഓർമ്മപ്പെടുത്തൽ). എൻജിനിയറിംഗ് എന്നൊരു ഓപ്‌ഷൻ അച്ഛന്റെ പരിഗണനയിൽ വന്നപ്പോഴേ മകൻ കണ്ടിഷൻ വച്ചു: സിവിൽ തൊടില്ല! (കാരണം, അതിന് ഗ്ളാമർ പോരല്ലോ...)സിനിമയിൽ കണ്ടു പരിചയിച്ച ലൈഫ് ആണ് അന്നൊക്കെ സങ്കല്പത്തിൽ. കോഴ്സ് കഴിഞ്ഞാലുടൻ ഇൻഫോസിസുകാർ നമ്മളെ വിളിക്കുന്നു, ജോലി തരുന്നു, നമ്മൾ സുഖമായി ജീവിക്കുന്നു! ആ സീനൊക്കെ സിനിമയിലേ ഉള്ളൂ എന്ന് പിടികിട്ടിയപ്പോൾ കോഴ്സ് കഴിഞ്ഞ് ബംഗളൂരുവിനു വിട്ടു. ഒന്നു രണ്ട് കമ്പനികളിൽ ജോലി ചെയ്തു. ഒന്നര വർഷം അവിടെ. ചില്ലറ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ അച്ഛന്റെ വിളി വന്നു: ഇങ്ങു പോര്!
ധൃതിയില്ലാതെ
തുടക്കം
ആ വരവ് വന്നു നിന്നത് കുടുംബ സംരംഭമായ കോർഡിയലിൽ. എൻജിനിയറിംഗ് ട്രെയിനി ആയി തുടക്കം. പിന്നെ, എൻജിനിയർ, പ്രൊജക്‌ട് മാനേജർ... അങ്ങനെ പല തസ്‌തികകളിലായി ഏഴു വർഷം. പിന്നെയായിരുന്നു കോർഡണിന് തുടക്കം. പരിചയമുള്ള ബിസിനസ് അല്ലേ, അവൻ പരീക്ഷിക്കട്ടെ എന്ന് അച്ഛന്റെ മനസ്സ്. സിവിൽ കോൺട്രാക്‌ട് ജോലികളിലായിരുന്നു തുടക്കം. കവടിയാറിൽ ഒരു അമേരിക്കൻ ഐ.ടി കമ്പനിയുടെ വലിയ ഒാഫീസിന്റെ കോൺട്രാക്‌ട് കിട്ടി. 90,000 ചതുരശ്ര അടിയിലെ ജോലി. ആദ്യത്തെ മൂന്നു വർഷം കോൺട്രാക്‌ട് വർക്കുകൾ മാത്രം. അതിനു ശേഷമാണ് കോർഡൺ ഹൗസിംഗ് പ്രൊജക്‌ടുകളിലേക്കു തിരിഞ്ഞത്. ആകെ പതിനെട്ടു പ്രോജക്‌ടുകളായി.
അപ്പാർട്ട്മെന്റ് പ്രൊജക്‌ടുകളിലെല്ലാം ഒരു ഫ്ളാറ്റ് എം.ഡിക്ക്. ഇടയ്‌ക്ക് വെറുതെ ചെന്നു വിശ്രമിക്കാനല്ല. ഓരോ പ്രോജക്‌ടിലെയും റസിഡന്റ്സ് അസോസിയേഷനിൽ ഭാരവാഹിത്വമുണ്ട്. ഫ്ളാറ്റ് ഉടമകൾക്ക്, അവർക്കൊപ്പമുള്ള താമസക്കാരൻ തന്നെ കമ്പനി ഉടമ. പണി പൂർത്തിയാക്കി കസ്റ്റമേഴ്സിനു കൈമാറുന്നതല്ല, കോർഡണിന്റെ ശൈലി. അതൊരു ആജീവനാന്ത സൗഹൃദമോ സുഖമുള്ള ഉത്തരവാദിത്വമോ ആണ്. തീരെ ചെറിയ ആവശ്യങ്ങൾക്കു പോലും ഫ്ളാറ്റിലെ താമസക്കാർക്ക് എപ്പോൾ വേണമെങ്കിലും കമ്പനിയുടെ സേവനം ഉറപ്പ്. അപ്പാർട്ട്മെന്റുകളിലെ ഓരോ താമസക്കാരനെയും നേരിട്ട് അറിയണമെന്ന് അരുണിന് നിർബന്ധമുണ്ട്. കമ്മ്യൂണിറ്റി ലിവിംഗ് അല്ലേ; ഫ്ളാറ്റ് ഉടമകളെ നന്നായി അറിയണം.
ഗൗരീശം ടു
ശ്രീവത്സം
രാവിലെ ഏഴു മുതൽ പത്തു വരെ 'ഗൗരീശ'ത്തിൽ ഫോണുകളുടെ ബഹളമാണ്. അധികവും പ്രോജക്‌ടുകളുമായി ബന്ധപ്പെട്ടവ. സൈറ്റുകളിലെ കാര്യം ഒതുക്കാതെ ഓഫീസിലേക്കു പോയിട്ട് കാര്യമില്ലല്ലോ. രാവിലെ ഉദിയന്നൂർ ദേവീക്ഷേത്ര ദർശനം മുടക്കില്ല. പത്തിന് ഓഫീസിലേക്ക് ഇറങ്ങിയാൽ ഉച്ചയ്‌ക്ക് ഒന്നര വരെ പൈപ്പിൻമൂട് ശ്രീവത്സം അപ്പാർട്ട്മെന്റ്സിലുള്ള കോർഡൺ കോർപ്പറേറ്റ് ഓഫീസിൽ. വീട്ടിലെത്തി ഊണു കഴിച്ച് വീണ്ടും ഓഫീസ്. റോട്ടറി ക്ളബിന്റെയോ ബിൽഡേഴ്സ് അസോസിയേഷന്റെയോ ഒക്കെ മീറ്റിംഗ് ഉണ്ടാകും. കൂട്ടുകാരെ കിട്ടിയാൽ സിനിമയ്‌ക്ക്. അല്ലെങ്കിൽ ഒൻപതര- പത്തിന് വീണ്ടും മരുതംകുഴിയിലെ 'ഗൗരീശം.'
ഭാര്യ ഗൗരി എസ്. പിള്ളയ്‌ക്ക് ബിസിനസ് കാര്യങ്ങളൊന്നുമില്ല. തനി വീട്ടുകാര്യം. അച്ഛനും അമ്മയും അമ്മൂമ്മയും താമസിക്കുന്ന 'ശ്രീവത്സ'ത്തിൽത്തന്നെ ആയിരുന്നു അരുണും. തൊട്ടടുത്ത് പുതിയ വീടുവച്ച് മാറിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. മകൻ നിരഞ്ജൻ എ. ഉണ്ണിത്താൻ ഇനി നാലാം ക്ളാസിൽ. അനുജത്തി ദിവ്യയും കുടുംബവും പൈപ്പിൻമൂട്ടിലെ കോർഡൺ ശ്രീവത്സം അപ്പാർട്ട്മെന്റ്സിലെ ഫ്ളാറ്റിലാണ് താമസം. ദിവ്യയുടെ ഭർത്താവ് വിശ്വനാഥ് ഇൻഫോസിസിൽ. എല്ലാവരും അടുത്തു തന്നെയുള്ളത് സന്തോഷം. ലോക്ക് ഡൗണിന് മുമ്പുവരെ കുടുംബവുമൊത്ത് തിയേറ്ററിൽ പോയി സിനിമ കാണുമായിരുന്നത്, ഇപ്പോൾ വീട്ടിലായി. നസീർ, സത്യൻ കാലഘട്ടം മുതൽ ഏതു റേഞ്ചും പിടിക്കും.
ഭാരം കൂടിയ
രഹസ്യം
ഭക്ഷണം ഏതായാലും രുചി നിർബന്ധം. അത് അളവിൽ കുറയരുതെന്നും ഭാര്യ ഗൗരിക്ക് അറിയാം. ആസ്വദിച്ച് കഴിക്കുന്നതുകൊണ്ട് ആഹാരം ശരീരത്തിൽ ശരിക്കും പിടിക്കുന്നുണ്ട്. ആറടി ഉയരവും 110 കിലോ ഭാരവും! തടി കുറയ്‌ക്കാൻ തത്കാലം ആഹാരത്തിന്റെ അളവു കുറയ്‌ക്കുന്ന കോംപ്രമൈസിനൊന്നും അരുണിനെ കിട്ടില്ല. ജന്മനാടായ മാവേലിക്കര കഴിഞ്ഞാൽ തിരുവനന്തപുരമാണ് ഇഷ്‌ട നഗരം. എല്ലാ സൗകര്യങ്ങളും ഉള്ളപ്പോഴും മഹനഗരത്തിന്റെ തിരക്കുകളില്ലാത്ത സ്ഥലമെന്ന് അരുണിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ്. വലിയ തിരക്കൊന്നുമില്ല. നല്ല തട്ടുകടകളുണ്ട്. രാത്രി എട്ടര കഴിഞ്ഞാൽ കോലാഹലമൊഴിഞ്ഞ റോഡുകൾ. പിന്നെ, നല്ല പൊലീസുകാരും!
വെല്ലുവിളിയോട്
നിറചിരിയോടെ
കൊവിഡ് കാലത്തിനു ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസ് ഏതു വിധത്തിൽ വഴിതിരിയുമെന്ന് ഇപ്പോഴേ കണക്കുകൂട്ടാനില്ല, അരുൺ. നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കു താമസിക്കാൻ കൂടുതൽ പാർപ്പിടങ്ങൾ വേണ്ടിവരുന്നെങ്കിൽ അതു പോസിറ്റീന് ഇഫക്‌ട്. മറുനാട്ടിൽ ജോലി നഷ്‌ടപ്പെട്ടാണ് അധികം പേർ തിരിച്ചെത്തുന്നതെങ്കിൽ ബുക്കിംഗുകൾ കൂട്ടത്തോടെ ക്യാൻസലാകാനും മതി. അതു നെഗറ്റീവ് ഇംപാക്‌ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചാലും, കൊവിഡിന്റെ പ്രത്യാഘാതം ബിസിനസിൽ ഏതു വിധം പ്രതിഫലിക്കുമെന്ന് അറിയാൻ കുറച്ചു നാൾ വേണ്ടിവരും. നിലവിൽ പൂർത്തിയായ പ്രൊജക്‌ടുകളിലെ അറുപത് ശതമാനം ഫ്ളാറ്റുകളും വിറ്റുപോയവ. ബാക്കിയുടെ കാര്യമല്ലേ. അത് കൊവിഡിന്റെ ബാക്കിയായി കരുതും, അരുൺ.
അത്യാഗ്രഹങ്ങൾ ഇല്ലാത്തതുകൊണ്ട് അരുണിന്റെ ജീവിതത്തിന് അമിതവേഗമില്ല. ഇങ്ങനെ സുഖമായി ഓടിച്ചു പോകുന്നതാണ് ഇഷ്‌ടം. മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കാതിരിക്കുന്നതാണ് മനസ്സമാധാനത്തിന്റെ രഹസ്യമെന്ന് ഇടയ്‌ക്ക് അരുണിന്റെ വെളിപ്പെടുത്തൽ. (അവരുടെ കാലിബർ ഉണ്ടെങ്കിൽ, ശ്രമിക്കാതെ തന്നെ നമ്മൾ അവിടെയെത്തുമല്ലോ എന്ന് അനുബന്ധം!) കൊവിഡിനു പോലും പേടിപ്പിക്കാൻ കഴിയാത്ത ആ വിദ്യാഭ്യാസകാല രഹസ്യം പറഞ്ഞില്ലല്ലോ എന്ന് ഓർമ്മിപ്പിച്ചുനോക്കൂ. ആദ്യം 110 കിലോ ഭാരമുള്ള ആ ചിരി പുറത്തുവരും. പിന്നാലെ, ആ രഹസ്യവും: നിയമം പഠിക്കാനും പൊലീസുകാരനാകാനും ആഗ്രഹിച്ചയാൾ ഇലക്‌ട്രോണിക്‌സ് പരീക്ഷ പാസായി വന്നത് ചില്ലറ വെല്ലുവിളിയാണോ? ആ ഭീഷണിക്കു മുന്നിൽ ലോക്ക് ഡൗണൊക്കെ എന്ത്!