തൃശൂർ: ജനലക്ഷങ്ങളുടെ കാഴ്ചകൾക്ക് നിറപ്പകിട്ടാകുന്ന കുടമാറ്റത്തോടും ലോകോത്തര സിംഫണിയായ ഇലഞ്ഞിത്തറ മേളത്തോടും വിടചൊല്ലുകയാണ് ഈയാണ്ട്. ഒരാനപ്പുറത്ത് പോലും തൃശൂർ പൂരം കൊണ്ടാടാതെ സമ്പൂർണ്ണമായും ഉപേക്ഷിക്കുന്നത് ചരിത്രത്തിലാദ്യം.
ലോകത്തെ അതി മനോഹരദൃശ്യങ്ങളിലൊന്നായി യുനെസ്‌കോ രേഖപ്പെടുത്തിയ തൃശൂർ പൂരത്തെയും കൊവിഡ് വൈറസ് പിടികൂടുമ്പോൾ, ജീവിതം ഇരുളടയുന്നത് ആയിരങ്ങൾക്കാണ്.ബലൂൺ കച്ചവടക്കാരൻ മുതൽ ആന ഉടമകൾ വരെയുള്ളവരുണ്ട് അക്കൂട്ടത്തിൽ. പൂരത്തിന് കച്ചവടക്കാരായി മാത്രം ആയിരങ്ങളെത്തും . പന്തൽപ്പണിക്കാരും വെടിക്കെട്ട് നിർമ്മാണത്തൊഴിലാളികളും ആന പാപ്പാൻമാരും ചെറുകിട കച്ചവടക്കാരും ഇതോടെ കൂടുതൽ ദുരിതത്തിലാവും.
രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുളള പൂരത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്ന് രണ്ട് മാസം മുൻപേ നടത്തുന്ന പൂരം പ്രദർശനമാണ്. 1933ൽ ആരംഭിച്ച പ്രദർശനം ഒഴിവാക്കിയതോടെ അന്യസംസ്ഥാന കച്ചവടക്കാരും ദുരിതത്തിലായി.
ഭൂരിഭാഗം വാദ്യമേളക്കാരുടെയും ഒരാണ്ടിലേക്കുളള വരുമാനമാണ് ഒരു സീസണിലെ ഉത്സവങ്ങൾ.
വൃശ്ചികത്തിൽ തുടങ്ങും മദ്ധ്യകേരളത്തിലെ ഉത്സവകാലം. ഏതാണ്ട് 150 ദിവസം. മേടത്തിൽ തൃശൂർ പൂരവും ഇരിങ്ങാലക്കുട കൂടൽമാണിക്യ ഉത്സവവും പിന്നിടുമ്പോൾ കലാകാരൻമാർ 300 വരെ മേളങ്ങളിൽ പങ്കുകൊളളും. ഇത്തവണ അത് പകുതിയായി.