km-shaji

തിരുവനന്തപുരം: മുസ്ലിം ലീഗ് എം.എൽ.എയായ കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നൽകാൻ നിർദ്ദേശം നൽകേണ്ടതാണെന്നും ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുള്ളതിനാൽ വക്കീൽ ഫീസിന് തുക ആവശ്യമായി വരുമെന്നും പരിഹാസരൂപേണ കെ.എം ഷാജി പോസ്റ്റിൽ പരാമർശിച്ചാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

'എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല. എം.എൽ.എ ആയിരിക്കുന്ന ഒരാളിൽ നിന്നും ഇത്തരത്തിൽ ഒരു വാചകം വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? കെ.എം ഷാജിയുടെ പാർട്ടി പൂർണമായും(ഇക്കാര്യത്തിൽ) സഹകരിച്ച് നിൽക്കുകയാണ്. എല്ലാ തരത്തിലും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുമായി അവർ പൂർണമായും സഹകരിക്കുന്നു.' അദ്ദേഹം പറഞ്ഞു.

കെ.എം ഷാജിയുടെ പരാമർശം ശുദ്ധനുണയാണെന്നും ദുരിതാശ്വാസ നിധിയും വക്കീൽ ഫീസുമായും ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ അറിയാത്ത ഒരുപാട് പാവങ്ങൾ ഈ നാട്ടിൽ ഉണ്ടെന്നും അവരെ എന്താവശ്യത്തിനാണ് എം.എൽ.എ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരാഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണോ വക്കീലിന് ഫീസ് നൽകുന്നതെന്നും എന്തിനാണ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ക്ഷോഭത്തോടെ ചോദിച്ചു.


'അങ്ങനെയൊരു ഘട്ടത്തിൽ എന്തിനാണ് ഇങ്ങനെയൊരു നുണ അവതരിപ്പിക്കുന്നത്? ഇങ്ങനെയൊരു നിലപാട് എന്തുകൊണ്ട് അദ്ദേഹമെടുത്തു എന്ന കാര്യം അദ്ദേഹത്തിന്റെ പാർട്ടി തന്നെ ആലോചിക്കേണ്ടതാണ്. ചില വികൃത മനസുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും.' മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ വായിച്ച ശേഷമാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

നാടാകെ ഈ പ്രതിരോധത്തിൽ ഒന്നിച്ച് നിൽക്കുകയാണെന്നും ഒരു സംശയവും അക്കാര്യത്തിൽ വേണ്ടെന്നും ചിലർ ഒറ്റപ്പെട്ട രീതിയിൽ എന്തെങ്കിലും ശബ്ദമുണ്ടാക്കിയാൽ അതാണ് ഏറ്റവും വലിയ ശബ്ദമെന്നു നമ്മൾ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുക്ക് രോഗത്തെ ഒന്നിച്ചുതന്നെ നേരിടാനും അതിജീവിക്കാനും കഴിയുമെന്നും വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുനിർത്തി.