കൊച്ചി: സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റൽ അക്ഷയ ഗോൾഡ് ക്രെഡിറ്റ് ലൈൻ പദ്ധതി അവതരിപ്പിച്ചു. വ്യക്തിഗത, ബിസിനസ് ആവശ്യങ്ങൾക്ക് അടിയന്തരമായി പണം വേണ്ടവർക്ക് കൈവശമുള്ള സ്വർണം ബാങ്കിനെ ഏൽപ്പിച്ചാൽ, അതിന്റെ മൂല്യമനുസരിച്ചുള്ള തുക ലഭ്യമാകും.

ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാം. ഇ-കൊമേഴ്സ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. പ്രയോജനപ്പെടുത്തിയ തുകയ്ക്ക് മാത്രം ഉപഭോക്താവ് പലിശ നൽകിയാൽ മതി. പണയ സ്വർണത്തിന് സൗജന്യ ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുള്ള സി.എസ്.ബി ബാങ്ക്, സൗകര്യപ്രദമായി തിരച്ചടയ്ക്കാനുള്ള തിരിച്ചടവ് രീതികളും ലഭ്യമാക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളിൽ ഈ പദ്ധതിക്ക് വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുമെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.