
പത്തനംതിട്ട : കൊവിഡ് ബാധിച്ച് ഇന്നലെ അഞ്ചു മലയാളികൾ വിദേശത്ത് മരിച്ചു. പത്തനംതിട്ട സ്വദേശികളായ രണ്ടുപേർ അമേരിക്കയിലും കോട്ടയം,മലപ്പുറം, കണ്ണൂർ സ്വദേശികൾ ദുബായ്, റിയാദ്, മദീന എന്നിവിടങ്ങളിലുമാണ് മരിച്ചത്.
റാന്നി പേമരുതിക്കൽ കോവൂർ അച്ചൻകുഞ്ഞ് കുരുവിള (64), പത്തനംതിട്ട വാര്യാപുരം തൂക്കുപാലം ഉപ്പുകണ്ടത്തിൽ ജോസഫ് കുരുവിള (ബാബു 68) എന്നിവരാണ് അമേരിക്കയിൽ മരിച്ചത്.
ന്യൂയോർക്ക് പേയിറ്റൻ ഐലൻഡിലായിരുന്നു അച്ചൻകുഞ്ഞ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് മരണവിവരം നാട്ടിൽ അറിഞ്ഞത്. ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജൈനമ്മ റാന്നി. മേപ്പുറത്ത് കുടുംബാംഗം. മക്കൾ: അജി, ആഷ്‌ലി, അലക്‌സ് (എല്ലാവരും യു.എസ്.എ). ക്‌നാനായ സഭയിലെ പ്രസാദ് കുരുവിള കോർ എപ്പിസ്‌കോപ്പ സഹോദരനാണ്.
ന്യൂയോർക്കിൽ സ്ഥിരതാമസമായ ജോസഫ് കുരുവിള കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ഭാര്യ: റോസമ്മ. മക്കൾ: ഡോ.ജസ്റ്റിൻ, ജയിംസ്. മരുമക്കൾ: യൂനിസ്, അനു. രണ്ടുമാസം മുമ്പ് ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. ന്യൂയോർക്കിൽ അസംബ്ലീസ് ഒഫ് ഗോഡ് സഭാ പ്രവർത്തകനായിരുന്നു.
ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ (51) യാണ് ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്നു. പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്
പുന്നവേലി ഇടത്തിനകം കറിയാച്ചൻ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : മിനി. തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കൾ: ജുവൽ, നെസ്സിൻ (സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഷാബു, സോണി (ദുബായ്).
മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാൻ (41) ആണ് റിയാദിൽ മരിച്ചത്. കണ്ണൂർ പാനൂർ മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര സ്വദേശി പാലക്കണ്ടിയിൽ ഷെബ്നാസ് (29) മരിച്ചത് മദീനയിൽ വച്ചാണ്.