എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനെ അഭിനന്ദിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ രംഗത്ത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സുഹാസിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് തന്റെ ഫേസ്ബുക്കിലൂടെയാണ് രൺജി പണിക്കർ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കൊച്ചി നഗരത്തിൽ നിന്ന് അകലെയല്ലെങ്കിലും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള താന്തോന്നിത്തുരുത്തിലെ നിവാസികൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ ജില്ലാ കളക്ടർ ഇന്ന് പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രം പങ്കുവച്ചുകൊണ്ടാണ് രൺജി പണിക്കർ സുഹാസിനെ അഭിനന്ദിച്ചിരിക്കുന്നത്.
രൺജി പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
'രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കളക്ടർ ശ്രീ സുഹാസ് ഐ എഎസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കളക്ടറുടെ തോണി യാത്ര. ഒറ്റയ്ക്ക്. ഇതാവണമെടാ കളക്ടർ. സെൻസ്, സെൻസിബിലിറ്റി, സെൻസിറ്റിവിറ്റി, സുഹാസ്..', രൺജി പണിക്കർ കുറിച്ചു.