കണ്ണൂർ: പാനൂരിൽ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവായ പത്മരാജൻ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിയുടെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തികൊണ്ടിരിക്കുകയായിരുന്നുവെന്നും ഇന്നാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്നതുമാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിയെ ഒളിപ്പിക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി പത്മരാജൻ ഒളിവിൽ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വീഴ്ച്ച ഉണ്ടായതായി താൻ കാണുന്നില്ലെന്നും മറ്റ് കാര്യങ്ങൾ എന്താണെന്ന് ചോദിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബാലികയെ ബലാത്സംഗം ചെയ്ത ബി.ജെ.പി തൃപ്പലങ്ങോട്ടൂർ മണ്ഡലം പ്രസിഡണ്ട് കുനിയിൽ പത്മരാജനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ദീർഘനാൾ കാത്തിരുന്നത് വിവാദത്തിലേക്ക് നയിച്ചിരുന്നു. അതിനിടെ പെൺകുട്ടിയുടെ അദ്ധ്യാപകൻ കൂടിയായ ഇയാൾ ശുചിമുറിയിൽ വച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത വിവരം അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹപാഠിയും രംഗത്ത് വന്നിരുന്നു.
കുട്ടി ക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ടിലും പരാമർശമുണ്ട്. കേസ് ആദ്യം അന്വേഷിച്ച സി.ഐ ശ്രീജിത്ത് രാഷ്ട്രീയ സമ്മർദ്ദത്തിന് വഴി കേസ് അട്ടിമറിച്ചതാണെന്നും പ്രതിയെ അറസ്റ്റ് ചെയ്യാൻകഴിയാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടാണ് ഉണ്ടാക്കുന്നതെന്നും സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നു.