ഗുരുവായൂർ: വിഷുപ്പുലരിയിൽ കണ്ണനെ കണികാണാൻ പതിനായിരങ്ങളെത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരില്ലാതെയായിരുന്നു ഇത്തവണ വിഷുക്കണി. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഭക്തർക്ക് അനുമതി നൽകാതിരുന്നത്. വിരലിലെണ്ണാവുന്ന ശാന്തിക്കാർക്കും പാരമ്പര്യക്കാർക്കും മാത്രമായിരുന്നു പ്രവേശനം. ചടങ്ങുകൾ പതിവുപോലെ നടന്നു.
തിങ്കളാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ് തൃപ്പുകയ്ക്കു ശേഷം ശാന്തിയേറ്റ കീഴ്ശാന്തിമാരായ കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്ക്കാട് ശശി നമ്പൂതിരി എന്നിവർ ചേർന്ന് ശ്രീലകത്ത് കണിക്കോപ്പൊരുക്കി. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണി ഒരുക്കിയത്.
ചൊവ്വാഴ്ച പുലർച്ചെ 2.15ന് മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് ഗുരുവായൂരപ്പനെ കണി കാണിച്ചു. തുടർന്ന് അലങ്കാരത്തോടുകൂടി സ്വർണത്തിടമ്പ് പൊൻപീഠത്തിൽ എഴുന്നള്ളിച്ചുവച്ചു. മുന്നിൽ കണിക്കോപ്പുകളും ഒരുക്കി. ഭക്തർക്ക് പ്രവേശനം നിരോധിച്ചതോടെ വരുമാനവും ഇല്ലാതായി. ഓരോ മാസവും കോടികൾ ഭണ്ഡാരം വരവായി മാത്രം ലഭിക്കുമായിരുന്നു.