vineeth

ലോക്ക് ഡൗണിലുള്ളവർക്ക് 'കാൾ' സെന്ററിലൂടെ സഹായം

തിരുവനന്തപുരം: ലോക്ക് ഡൗണിൽ കായിക മേഖലയാകെ ലോക്കായിരിക്കുന്ന സമയത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്ട്രൈക്കർമാരായി ജനങ്ങൾക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് ഇന്ത്യൻ ടീമിന്റെയും ജംഷഡ്പൂർ എഫ്.സിയുടെയും മുന്നണിത്താരമായ സി.കെ. വിനീതും ഗോകുലം വനിതാ ടീമിനെ ഇന്ത്യൻ വനിതാ ഫുട്ബാൾ ലീഗ് ചാമ്പ്യൻമാരാക്കിയ പരിശീലക പി.വി. പ്രിയയും. കണ്ണൂർ ജില്ലാ പഞ്ചായത്ത് ലോക്ക് ഡൗണിലായ ജനങ്ങളെ സഹായിക്കാൻ തുടങ്ങിയ ഹെൽപ്പ് ലൈൻ സെന്ററിലാണ് ഇരുവരും കൊവിഡ് പ്രതിരോധത്തിന്റെ ജേഴ്സിയണിഞ്ഞ് എല്ലാവർക്കും മാതൃകയായിരിക്കുന്നത്.

ഈ വിഷുവേളയിൽ മാഹാവിപത്തിൽ നിന്നും രക്ഷ നേടി സമൃദ്ധിയും ഐശ്വര്യവും നിറയുന്ന നല്ല നാളെയുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇരുവരും. ജില്ലാ പഞ്ചായത്തും സ്പോർട്സ് കൗൺസിലും ഇങ്ങനെയൊരു കാര്യത്തിനായി സമീപിച്ചപ്പോൾ ഒരു മടിയും പറയാതെ രണ്ട് പേരും സമ്മതം മൂളുകയായിരുന്നു. ഹെൽപ്പ് ലൈൻ കാൾ സെന്ററിന്റെ പ്രവർത്തനത്തിൽ തുടക്കം മുതൽ തന്നെ ഇരുവരും ഉണ്ട്. ജനങ്ങൾ വിളിക്കുമ്പോൾ കോൾ എടുത്ത് അവർക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതിയെടുക്കുകയും പട്ടിക വോളണ്ടിയർമാർക്ക് കൈമാറുകയുമാണ് ഇവരുടെ ജോലി. ദിവസവും നൂറിലധികം കോളുകളാണ് ഇങ്ങനെ കൈകാര്യം ചെയ്യുന്നത്. നടി നിഖില വിമൽ,​ കേരള ഫുട്ബാൾ ടീം ക്യാപ്ടനും ഗോളിയുമായ വി. മിഥുൻ എന്നിവരെല്ലാം ഹെൽപ്പ് ലൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തി ജോലികളിൽ പങ്കാളികൾ ആയിരുന്നു. കൊവിഡിനെതിരായ എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും പാലിച്ചാണ് ഹെൽപ്പ് ലൈനിലെ ജോലികൾ നടക്കുന്നത്.

വെൽഡൺ വിനീത്

ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ വീട്ടിൽത്തന്നെയായിരുന്നു വിനീത്. മോനൊപ്പം കളിച്ചും പഴയ വീട് വൃത്തിയാക്കിയും പറമ്പിൽ ചെറിയ കൃഷിപ്പണിയൊക്കെ നടത്തി വരുന്ന സമയത്താണ് ഹെൽപ്പ് ഡെസ്കിൽ സഹായിക്കാനെത്താമോയെന്ന് ജില്ലാ പഞ്ചായത്തിന്റെയും സ്പോർട്സ് കൗൺസിലിന്റെയും പ്രതിനിധികൾ വിനീതിനോട് ചോദിച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ വിനീത് സമ്മതം മൂളുകയായിരുന്നു. ഇതിനിടെ ഡി.വൈ.എഫ്.ഐക്കാർക്കൊപ്പം ഭക്ഷണ വിതരണത്തിനും വിനീത് മുൻപന്തിയിലുണ്ടായിരുന്നു. ലോക്ക് ഡൗണിന്റെ തുടക്ക സമയത്ത് വീട്ടിൽ ഒറ്റയ്ക്ക് ഫുട്ബാൾ പരിശീലനം നടത്തിയെങ്കിലും ഇപ്പോൾ നിറുത്തി വച്ചിരിക്കുകയാണ്. കോളെടുത്തവർക്ക് ആർക്കും തന്നെ മനസിലായിട്ടില്ലെന്നും ആവശ്യങ്ങൾ പറയുന്ന തിരക്കിലാണ് അവരെന്നും ചെറു ചിരിയോടെ വിനീത് പറയുന്നു. വിഷു സാധാരണ നിലയിൽ നാട്ടിൽ വലിയ ആഘോഷമാണെങ്കിലും ഇത്തവണ അതെല്ലാം മാറ്രി വച്ചിരിക്കുകയാണെന്നും കൊവിഡിനെ തുരത്തിയിട്ട് സമാധാനമായി ആഘോഷിക്കാമെന്നുമാണ് വിനീത് പറയുന്നത്. വീട്ടിൽ ചെറിയ തോതിൽ കണിമാത്രം വയ്‌ക്കാനാണ് താരത്തിന്റെ പ്ലാൻ.

പ്രിയേ,​ സല്യൂട്ട്

ഗോകുലത്തിന് ദേശീയ കിരീടം സമ്മാനിച്ച ശേഷം പ്രിയ കണ്ണൂർ സ്‌പോർട്സ് ഡിവിഷനിൽ പരിശീലന പരിപാടികളുമായി തിരക്കിലായ സമയത്താണ് കൊവിഡും ലോക്ക്ഡൗണുമെത്തിയത്. തുടർന്ന് ഹെൽപ്പ് ഡെസ്കിൽ സജീവമാവുകയായിരുന്നു. ലോകം മുഴുവൻ ഇത്രയും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് തന്നാൽ കഴിയുന്ന രീതിയിലുള്ള സഹായം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രിയ. വീട്ടിൽപ്പോകാതെ ടൗണിൽ തന്നെ താമസിച്ചാണ് പ്രിയ ഹെൽപ്പ് ലൈന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായയത്. വിഷു ആഘോഷിക്കാനുള്ള സമയമല്ലിതെന്നും കൊവിഡിനെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് വേണ്ടതെന്നും പ്രിയ പറയുന്നു. വീട്ടിൽ പോയി അമ്മയേയും അച്ഛനേയും കാണുകയും ചെറാതായിട്ടൊരു കണി ഒരുക്കകയും ചെയ്യുന്നതാണ് ഇത്തവണത്തെ തന്റെ വിഷുവെന്നും പ്രിയ കൂട്ടിച്ചേർത്തു.