ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിൽ കുടുങ്ങിയ 41 പാകിസ്ഥാൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആദ്യഘട്ടമെന്നേണം 41 പേരെ നാളെ വാഗ-അട്ടാരി അതിർത്തി വഴി പാകിസ്ഥനിലെത്തിക്കും. പൗരന്മാരെ തിരിച്ച് നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുള്ള പാകിസ്ഥാൻ ഹൈക്കമ്മിഷണറുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യയുടെ നടപടി.
ഇതുമായി ബന്ധപ്പെട്ട് ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് വിദേശകാര്യമന്ത്രാലയം അറിയിപ്പ് നൽകി കഴിഞ്ഞു. ഈ സംസ്ഥാനങ്ങളിൽ കഴിയുന്ന പാകിസ്ഥാൻ പൗരന്മാരെയാണ് ആദ്യഘട്ടത്തിൽ തിരികെ എത്തിക്കുക. നാളെ രാവിലെ പത്ത് മണിയോടുകൂടി ഇവരെ അതിർത്ഥിക്കപ്പുറം എത്തിക്കും. കൊവിഡുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ബാക്കിയുള്ളവരെയും വരുംദിവസങ്ങളിൽ തിരികെ എത്തിക്കും.
അതേസമയം, വിദ്യാർത്ഥികളടക്കമുള്ള 200 ഇന്ത്യക്കാരാണ് പാകിസ്ഥാനിൽ അകപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗൺ കാലാവധി കഴിയുന്നതു വരെ നിലവിലെ സ്ഥിതിയിൽ തന്നെ തുടരാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്.