fan

കൊച്ചി: എറണാകുളത്തെ കൊവിഡ് ക്യാമ്പിൽ നിന്നും ഫാനുകൾ മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്തിലുള്ള സർക്കാർ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ കൊവിഡ് ക്യാമ്പിൽ നിന്നുമാണ് പ്രതികൾ ഫാനുകൾ മോഷ്ടിച്ചത്. ഇന്നു രാവിലെ സ്‌കൂളിലേക്ക് പി.ടി.എ പ്രസിഡന്റായ ഷിബു എത്തിയപ്പോളാണ് ഫാനുകൾ മോഷണം പോയ വിവരം പുറത്തറിയുന്നത്.

സ്‌കൂളിലെചില ക്ലാസ്സ് മുറികൾ തുറന്നു കിടന്നത് ശ്രദ്ധയിൽ പെട്ടത് പരിശോധിച്ചപ്പോളാണ് ഫാനുകൾ മോഷണം പോയതായി മനസിലാകുന്നത്. ഉടൻ തന്നെ പ്രിൻസിപ്പാൾ സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട്, ചെറുതന ലക്ഷ്മി നിവാസിൽ ഉണ്ണികൃഷ്ണൻ നായർ മകൻ സുധീഷ്, കൊല്ലം പുനലൂർ കാര്യറ മജു മൻസിലിൽ താജൂദ്ദീൻ മകൻ മജു മുഹമ്മദലി, എറണാകുളം ചക്കരപ്പറമ്പ് കണിയാപ്പിള്ളി വീട്ടിൽ ശ്രീധരൻ മകൻ ജിന്തേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചോദ്യം ചെയ്യലിൽ തങ്ങൾ ഫാനുകൾ ആക്രി കടയിൽ വിറ്റതായി പ്രതികൾ പൊലീസിനെ അറിയിച്ചു. ബീഡി വാങ്ങാൻ പൈസ ഇല്ലാത്തത് കൊണ്ടാണ് തങ്ങൾ ഫാനുകൾ മോഷ്ടിച്ചതെന്നായിരുന്നു പ്രതികളുടെ വിശദീകരണം.