tanish

തിരുവനന്തപുരം : പതിനാറാം വയസിൽ ജൂനിയർ ലോക നീന്തൽ റാങ്കിംഗിൽ ആദ്യ 100 സ്ഥാനത്തിനുള്ളിൽ ഇടം പിടിച്ച് മറുനാടൻ മലയാളി താരം. തിരുവല്ല വെണ്ണിക്കുളം അറയ്ക്കൽ ഊല്ലിരിക്കൽ ജോർജ് മാത്യുവിന്റെയും വിജി സൂസൻ മാത്യുവിന്റയും മകൻ ടാനിഷ് ജോർജ് മാത്യുവാണു ഇൗ നേട്ടം കൈവരിച്ചത്. ദുബായ് ഇന്ത്യ ഹൈസ്കൂളിൽ പത്താം ക്ളാസ് വിദ്യാർഥിയാണ് ടാനിഷ്.

18 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിലെ ലോകറാങ്കിംഗിൽ 92-ാം സ്ഥാനത്തുള്ള ടാനിഷിന് പ്രത്യേക പരിശീലനം നൽകുന്നത് ഇന്ത്യൻ കോച്ചും മലയാളിയുമായ എസ്.പ്രദീപ് കുമാറാണ്. ഇന്ത്യൻ നീന്തലിലെ അടുത്ത സജൻ പ്രകാശെന്നാണ് പ്രദീപ് ടാനിഷിനെ വിശേഷിപ്പിക്കുന്നത്. 2024 ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മത്സരിക്കുകയാണ് ടാനിഷിന്റെ ലക്ഷ്യം.

ഏജ് ഗ്രൂപ്പ് ,സ്കൂൾ തല രാജ്യാന്തര മത്സരങ്ങളിൽ ടാനിഷ് ഇതുവരെ നീന്തിയെടുത്തത് 18 സ്വർണവും ഒൻപത് വെള്ളിയും അഞ്ചു വെങ്കലവുമാണ്. യു.എ.ഇ ദേശീയ സ്വർണങ്ങൾ 21 എണ്ണം, ദേശീയ റെക്കോർഡ് എട്ട്. 2019 ൽ ഏഷ്യൻ ഏജ് ഗ്രൂപ്പിൽ 100 മീ., 200 മീ.ബട്ടർഫ്ളൈകളിൽ വെള്ളി. ഒരു വെങ്കലവും. ഫിന ഐ.എസ്.എഫ് ലോക സ്കൂൾസിൽ അണ്ടർ 19 വിഭാഗം 100 മീറ്റർ ബട്ടർഫ്ളൈയിൽ വെള്ളി. ബുഡാപ്പെസ്റ്റിൽ ലോക ജൂനിയർ നീന്തലിൽ 15 -17 വിഭാഗം 200 മീ, ബട്ടർഫ്ളൈയിൽ ഇരുപത്തൊന്നാം സ്ഥാനത്തുമെത്തി. എമിറേറ്റ്സ് രാജ്യാന്തര, മിഡൽ ഈസ്റ്റ് ഓപ്പൺ മത്സരങ്ങളിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട് ടാനിഷ് .

ടാനിഷിന്റെ അച്ഛനും അമ്മയും ദുബായ്‌യിൽ സ്പോർട്സുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നു. സഹോദരി ദിയ മേരി മാത്യുവും നീന്തൽ താരമാണ്. ദിയ കനേഡിയൻ സർവകലാശാലയിൽ സ്പോർട്സ് മാനേജ്മെൻറ് പഠിക്കുന്നു.