തിരുവനന്തപുരം: സിഗ്നൽ അറ്റകുറ്റപ്പണിക്കായെത്തുന്ന ട്രെയിനിൽ അനധികൃതമായി ചിലർ കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ട് നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തിൽ ട്രെയിനിലൂടെ തിരുവനന്തപുരത്ത് എത്തിയ മൂന്ന് ജീവനക്കാരെ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച വിവരവും അദ്ദേഹം പങ്കുവച്ചു. ഇക്കാര്യത്തിൽ റെയിൽവേ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ സ്വദേശിക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം പകർന്നിരിക്കുന്നത്. ഏഴ് പേർക്ക് ഇന്ന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട്ട് നാലുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായും ഒരു ലക്ഷത്തിൽ താഴെ എത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.