കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളൊന്നും വകവെക്കാതെ വ്യവസായിയായ കൈരളി എക്സ് പോർട്ട് ഷൗക്കത്ത് വിഷുദിവസം രാവിലെ അമ്പലപ്പുഴ നിന്ന് പതിവുപോലെ കൈനീട്ടം വാങ്ങാൻ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖാവരണം ധരിച്ച് കൈയ്യിൽ ഗ്ലൗസുമിട്ട് പൂമുഖത്ത് കസേരയിലിരുന്ന വെള്ളാപ്പള്ളി കൈനിറയെ നാണയങ്ങൾ വാരി ഷൗക്കത്തിന്റെ ഇരുകൈകളിലുമിട്ടു.ഒപ്പം ഗുരുദേവന്റെയും കണിച്ചുകുളങ്ങര ദേവിയുടെയും ചിത്രങ്ങൾ ക്കൊപ്പം പത്തുരൂപ നാണയവും വെച്ച് ആലിലയുടെ രൂപത്തിൽ പ്രത്യേകം തയ്യാറാക്കിയ വിഷു ആശംസാകാർഡും നൽകി. കൈനീട്ടമായി കിട്ടിയ നാണയതുട്ടുകൾ ഇരു കണ്ണുകൾക്ക് മുകളിലും ഭക്തിപൂർവ്വം തൊട്ട് നമസ്കരിച്ചാണ് ഷൗക്കത്ത് മടങ്ങിയത്.
കൈനീട്ടം പൊലിക്കുമെന്ന വിശ്വാസത്തോടെ മൂന്നു തലമുറയായി എല്ലാ വർഷവും വിഷുദിനത്തിൽ രാവിലെ കണിച്ചുകുളങ്ങര ദേവിക്ഷേത്രത്തിന് സമീപമുള്ള വെള്ളാപ്പള്ളി വീട്ടിൽ കൈനീട്ടം വാങ്ങാൻ ഷൗക്കത്തിന്റെ കുടുംബാഗങ്ങൾ എത്തുന്നത് വർഷങ്ങളായുള്ള പതിവാണ് .ഈ വർഷത്തെ കൊവിഡ് നിയന്ത്രണവും പതിവിന് തടസമായില്ല. മകനെയും കൂട്ടിയാണ് ഷൗക്കത്ത് എത്തിയത്. വർഷങ്ങൾക്കു മുമ്പ് ദേശീയ പാതയുടെ കരാർ ജോലി വെള്ളാപ്പള്ളി ഏറ്റെടുത്ത കാലം മുതൽ ഷൗക്കത്തിന്റെ അച്ഛനുമായി ആത്മബന്ധമുണ്ട്. ഷൗക്കത്തിലൂടെയും മകനിലൂടെയുമായി മൂന്നാം തലമുറയിലേക്ക് അത് നീണ്ടു. ലോകത്ത് എവിടെയാണെങ്കിലും വിഷുദിനത്തിൽ കൈനീട്ടം വാങ്ങാൻ ആദ്യം വീട്ടിൽ എത്തുന്നത് ഷൗക്കത്ത് ആയിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ,യൂണിയൻ ,ശാഖാ പ്രവർത്തകരും അയൽവാസികളും മറ്റുമായി അയ്യായിരത്തോളം പേർ സാധാരണ വിഷു കൈനീട്ടം വാങ്ങാൻ വീട്ടിൽ എത്താറുണ്ട്. കൊവിഡ് നിയന്ത്രണമായിട്ടും ഈ വർഷം ഇരുനൂറോളം പേരെത്തി .സാമൂഹ്യ അകലം പാലിക്കേണ്ടതിനാലാണ് മുഖാവരണവും കൈയ്യിൽ ഗ്ലൗസുമിട്ടത് .ഈ വിഷുദിനത്തിൽ രാവിലെ എസ്.എൻ.ഡി.പി യോഗം പ്രവർത്തകരെല്ലാം വീട്ടിലിരുന്ന് ഒരു മണിക്കൂർ പ്രാർത്ഥിക്കണമെന്ന നിർദ്ദേശം മുഴുവൻ ആളുകളും അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിലാണ് വീട്ടിലെ കണിയൊരുക്കൽ .ഈ വർഷം ഭാര്യ പ്രീതി ഗരുദേവ ചിത്രവും കൃതികളും കൃഷ്ണവിഗ്രഹത്തിനൊപ്പം കണി വെച്ചു. ഞങ്ങളിരുവരും ഒരു മണിക്കൂർ പ്രാർത്ഥിച്ച ശേഷമാണ് വിഷുകൈനീട്ടം വിതരണം തുടങ്ങിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വിഷു കൈനീട്ടം വാങ്ങാൻ കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്താൻ കഴിയാതെ പോയവരുടെ ഫോൺ വഴിയുള്ള വിഷു ആശംസകൾ പുലർച്ചെ മുതൽ രാത്രിവരെ നീണ്ടു.