ഗാന്ധിനഗർ: ഗുജത്തിലെ ആശുപത്രി കൊവിഡ് രോഗികൾക്കായുള്ള കിടക്കകൾ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയും വ്യത്യസ്ത മതസ്ഥർക്കായി രണ്ടു വാർഡുകൾ ഒരുക്കിയതിനെയും ചോദ്യം ചെയ്ത് സാമൂഹിക പ്രവർത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സർക്കാർ നിർദേശം അനുസരിച്ചാണ് ആശുപത്രി ഇങ്ങനെ പെരുമാറുന്നതെന്നാണ് അറിയാൻ കഴിയുന്നതെന്നും ഇതാണോ ഗുജറാത്ത് മോഡലെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു. ദേശീയ പത്രമായ 'ദ ഇന്ത്യൻ എക്സ്പ്രസി'ന്റെ ഓൺലൈൻ പതിപ്പിൽ വന്ന വാർത്തയും അദ്ദേഹം ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്നു.
Shocking! Hospital in Ahmedabad segregates Covid patients on the basis of religion! It says there is a govt order to that effect. Gujarat model?! https://t.co/ZI1bK8NAUH
വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ കൊവിഡ് രോഗികൾക്കായുള്ള 1200 കിടക്കകളാണ് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ മുസ്ലിം, ഹിന്ദു വിഭാഗങ്ങൾക്കായി രണ്ടു വാർഡുകളും ആശുപത്രിക്കാർ തയ്യാറാക്കിയിട്ടുണ്ട്.
സർക്കാർ നിർദേശപ്രകാരമാണ് ആശുപത്രിയിൽ ഇത്തരത്തിൽ വാർഡുകൾ തയാറാക്കിയതെന്ന് ഗുൺവന്ത് എച്ച്. റാത്തോഡ് പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് ഗുജറാത്ത് ആരോഗ്യ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേൽ പറയുന്നത്.