വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 134,354 പേരുടെ ജീവൻ നഷ്ടമായി. കൊവിഡ് പൂർണമായും ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ച 637,359 പേരിൽ 28,529 പേർ മരിച്ചു. ബുധനാഴ്ച മാത്രം 2,459 മരണം റിപ്പോർട്ട് ചെയ്തു.
അതേസമയം, യു.എസില്‍ കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. "രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കും. പുതിയ കൊവിഡ് കേസുകള്‍ കുറഞ്ഞുവെന്നാണ് കണക്കുകൾ. ഈ കുറവ് നിലനില്‍ക്കുമെന്നാണ് കരുതുന്നത്. നമ്മള്‍ തിരിച്ചുവരും, രാജ്യത്തെ പഴയതുപോലെ വേണമെ"ന്നും ട്രംപ് പറഞ്ഞു.
കൊവിഡിൽ ഇറ്റലിയിൽ മരണം 21,600 കവിഞ്ഞു. രോഗികൾ 165,155 ആയി. സ്‌പെയ്നിൽ രോഗബാധിതരുടെ എണ്ണം 1.9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 18,812 ആയി വർദ്ധിച്ചു. ഫ്രാൻസിലും മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 1500ഓളം പേർ മരിച്ചു. ബ്രിട്ടണിൽ മരണസംഖ്യ 13,000ത്തോളമായി.