-padmanabhan

കണ്ണൂർ: പാനൂര്‍ പാലത്തായിയിൽ നാലാം ക്ലസുകാരിയെ സ്കൂളിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ പത്മരാജനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും.

പ്രതിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടിയുടെ 164 പ്രകാരമുള്ള രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ഇയാൾക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക എന്ന് തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ അറിയിച്ചു.

അതേസമയം,​ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പൊലീസ് പെണ്‍കുട്ടിയെ കൊണ്ട് പലസ്ഥലങ്ങളിലും എത്താന്‍ ആവശ്യപ്പെട്ടുവെന്ന് കുടുംബം പറഞ്ഞു. ഇത് കുട്ടിയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. മാർച്ച് 17ന് പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.