തിരുവനന്തപുരം: കൊവിഡ് 19 പടർന്നുപിടിച്ചതോടെ പ്രതിസന്ധിയിലായി പ്രവാസികൾ. സാമ്പത്തിക അടിത്തറ തകര്‍ന്നതോടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയാണെന്ന് ഒ.ഐ.സി.സി അന്തര്‍ ദേശീയ ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി കുമ്പളത്ത് ശങ്കരപിള്ള വ്യക്തമാക്കി.
കൊവിഡ് 19 രാജ്യത്തെ നിശ്ചലമാക്കിയതോടെ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ് പ്രവാസികള്‍. കൊവിഡ് സ്ഥിരീകരിച്ചതു മുതല്‍ എല്ലാ രാജ്യങ്ങളിലും തൊഴില്‍ മേഖല സ്തംഭനാവസ്ഥയിലാണ്. ഇതോടെ കഴിഞ്ഞ ഒരു മാസമായി പലര്‍ക്കും തൊഴിലില്ലാതെയായി. ലേബര്‍ ക്യാമ്പുകളിലടക്കം കഴിയുന്ന പലരുടെയും അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം ഇല്ലാതെയും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുമായാണ് പലരും കഴിയുന്നത്. ഇവരെ നിരക്ഷീക്കുന്നതിനോ ഇവരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനോ കാര്യമായ ഇടപെടലുകള്‍ എങ്ങുനിന്നും ഇവിടെ ഉണ്ടാകുന്നില്ല. പ്രവാസി സംഘടനകള്‍ ഇടപെടുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് പരിമിതികള്‍ ഏറെയാണ്.
പല വിദേശ രാജ്യങ്ങളിലും നമ്മുടെ മലയാളികള്‍ സുരക്ഷിതരല്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ഒരു ചെറിയമുറിയില്‍ തന്നെ നാലോ അതിലധികമോ ആളുകളാണ് തിങ്ങി പാര്‍ക്കുന്നത്. ഇവരുടെ സുരക്ഷയാണ് ഏറ്റവും വലിയ ആശങ്ക ഉയര്‍ത്തുന്നത്. ഒരാള്‍ക്കു രോഗബാധ ഉണ്ടായാല്‍ അത് വലിയ രീതിയില്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യത ഏറെയാണ്.
അപ്രതീക്ഷിതമായുണ്ടായ കനത്ത തിരിച്ചടിയില്‍ എല്ലാ കമ്പനികളും വലിയ സാമ്പത്തിക ബാദ്ധ്യതയിലൂടെയാണ് കടന്നു പോകുന്നത്. ഇതോടെ ചില കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയും നേരിടുന്നുണ്ട്. വലിയൊരു വിഭാഗം പ്രവാസികള്‍ ഇതേ തുടര്‍ന്ന് തൊഴില്‍രഹതിരാകും. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് പല കമ്പനികള്‍ പിരിച്ചുവിടീല്‍ നോട്ടീസും നാട്ടിലുള്ള പല പ്രവാസികളോട് തിരികെ ജോലിയില്‍ പ്രവേശിയ്ക്കണ്ട എന്ന നിര്‍ദേശവും പുറപ്പെടുവിച്ചു തുടങ്ങിയിട്ടുണ്ട്.
ജോലി ചെയ്യുന്ന പലരുടെയും ശമ്പളത്തില്‍ വന്‍ ഇടിവ് ഉണ്ടായതായും അറിയുന്നു. ഇത് ഇവര്‍ സ്വയം ജോലി വിട്ടുപോകാനുള്ള കമ്പനികളുടെ ഉപായമാകാനും സാദ്ധ്യതയുണ്ട്. ഇതോടെ വലിയൊരു വിഭാഗം ആളുകളാണ് തൊഴില്‍രഹിതരായി കേരളത്തിലേക്ക് എത്താന്‍ പോകുന്നത്. ഇവരെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വ്യക്തമായ പദ്ധതികള്‍ തയാറാക്കണം. അല്ലാത്തപക്ഷം വലിയൊരു വിഭാഗം പ്രവാസികള്‍ ആത്മഹത്യയുടെ വക്കിലെത്തും.
അടിയന്തരമായി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണം. ഇവരുടെ കുടുംബങ്ങള്‍ക്കടക്കം ഇത് വലിയൊരു സഹായമാകും. പ്രവാസികളുടെ തൊഴില്‍ സുരക്ഷ തന്നെയാണ് മറ്റൊരു പ്രധാന കാര്യം. മടങ്ങി എത്തുന്നവര്‍ക്ക് നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം. പ്രവാസ ലോകത്ത് പ്രഗല്‍ഭരായ പല ബിസിനസുകാരും മലയാളികളാണ്.
ഇവരുടെ നേതൃപാടവത്തിലാണ് ഇന്ന് പല വമ്പന്‍ കമ്പനികളടക്കം പ്രവര്‍ത്തിക്കുന്നത്. ഇവരെ കണ്ടെത്തി ആ ബുദ്ധിയും പ്രാവിണ്യവും നമ്മുടെ നാടിനുവേണ്ടി വിനിയോഗിക്കാന്‍ അവസരമൊരുക്കിയാല്‍ എല്ലാവര്‍ക്കും അതൊരു നേട്ടമാകും. ഇങ്ങനെയുള്ള സംഘങ്ങളെ ചേര്‍ത്ത് സര്‍ക്കാര്‍ പങ്കാളിത്വത്തോടെ പുതിയ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചാല്‍ നാട്ടിലെത്തുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് തൊഴിലും ലഭിക്കും.
കേരളത്തില്‍ പല കാലഘട്ടങ്ങളില്‍ പല കാരണങ്ങള്‍കൊണ്ട് അടച്ചു പൂട്ടിയ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വിവിധ പ്രദേശങ്ങളിലുള്ളത്. ഇവ കണ്ടെത്തി പ്രവാസി സംരംഭകരുടെ സഹായത്തോടെ പുനരാരംഭിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസം നേടുന്ന ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം ഇന്നും ആദ്യ പരിഗണന നല്‍കുന്നത് വിദേശരാജ്യങ്ങളില്‍ ജോലി കണ്ടെത്തുന്നതിനാണ്. അത്തരത്തില്‍ നിരവധി ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇവരെയും നമ്മുടെ നാട്ടില്‍ ഉപയോഗിക്കാനായാല്‍ സാങ്കേതിക രംഗത്തു തന്നെ വലിയ മുന്നേറ്റം കുറിക്കാന്‍ കേരളത്തിനു കഴിയും.
ഇത്തരമൊരു സാഹചര്യത്തില്‍ വലിയൊരു വിഭാഗം ആളുകളാണ് ലോക്ക് ഡൗണിന് ശേഷം കേരളത്തിലേക്ക് മടങ്ങി എത്താന്‍ ഒരുങ്ങുന്നത്. ഇത് മുതലെടുത്ത് വിമാനക്കമ്പനികള്‍ നിരക്ക് ഉയര്‍ത്താനും സാദ്ധ്യതയുണ്ട്. വീണ്ടും വലിയൊരു ബാദ്ധ്യതയിലേക്കാകും പ്രവാസികളെ ഇത് നയിക്കുക. അടിയന്തരമായി ഈ വിഷയത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കുമ്പളത്ത് ശങ്കരപിള്ള ആവശ്യപ്പെട്ടു.