covid

കൽപ്പറ്റ: രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളിൽ വയനാട് ജില്ല ഉൾപ്പെട്ടതിൽ അവ്യക്തത ഉണ്ടെന്ന് ജില്ലാ ഭരണകൂടം. എന്ത് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വയനാടിനെ അതിതീവ്ര മേഖലയാക്കി പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. നിലവിൽ ഒരാൾ മാത്രമാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളതെന്നും സർക്കാർ ഈ വിഷയത്തിൽ വ്യക്തത വരുത്തുമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.


ഹോട്ട് സ്പോട്ടുകൾ, നോണ്‍ ഹോട്ട് സ്പോട്ടുകൾ, ഗ്രീൻ സ്പോട്ടുകൾ എന്നിങ്ങനെ ജില്ലകളെ മൂന്നായി തിരിച്ചാണ് കൊവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടം. രാജ്യത്ത് 170 ജില്ലകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉള്ളത്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളാണ് കേരളത്തിലെ ഹോട്ട് സ്പോട്ടുകൾ.