1. രോഗവ്യാപനം കൂടുതലുള്ള നാല് ജില്ലകള്‍ റെഡ് സോണിലാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണില്‍. വയനാടും കോട്ടയം ജില്ലകള്‍ ഗ്രീന്‍ സോണായി മാറ്റണം എന്ന് ശുപാര്‍ശ. സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണം എന്നും കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യും. ജില്ലകള്‍ എന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം ഒരു തരത്തിലും മറികടക്കുന്ന തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത് എന്ന ജാഗ്രതയും തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ട്. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തില്‍ ഒരു തീരുമാനത്തിനും നിലവില്‍ സാധ്യതയില്ല എന്നും മന്ത്രിസഭായോഗം വിലയിരുത്തി.
2. നിലവില്‍ കേന്ദ്രത്തിന്റെ ഹോട്ട്സ്‌പോട്ട് തരം തിരിക്കല്‍ അശാസ്ത്രീയം എന്നും വിലയിരുത്തല്‍. കേന്ദ്ര ലിസ്റ്റില്‍ കോഴിക്കോട് ഗ്രീന്‍ ലിസ്റ്റിലും നിലവില്‍ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലും ആണ്. ഈ ആശയക്കുഴപ്പം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കാര്‍ഷിക പരമ്പരാഗത മേഖലകള്‍ക്കും മന്ത്രിസഭ യോഗത്തില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകള്‍ക്ക് ആണ് ഇളവ്. ഏപ്രില്‍ 20ന് ശേഷമേ നിയന്ത്രണങ്ങളില്‍ ഇളവ് ലഭ്യമാക്കൂ.
3. കൊവിഡ് ജാഗ്രതയെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കപ്പലില്‍ 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. മലേഷ്യയിലേക്ക് ഉള്ള യാത്രാമധ്യേയാണ് കപ്പല്‍ കടലില്‍ അകപ്പെട്ടത്. രണ്ടുമാസമായി കടലില്‍ നങ്കൂരമിട്ട് ഇരിക്കുക ആയിരുന്നു കപ്പല്‍. കപ്പലില്‍ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയത് ആയും ഇവരെ ഉടന്‍ മ്യാന്‍മാറിലേക്ക് തിരിച്ചു അയക്കും എന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു. കടലില്‍ അകപ്പെട്ട കപ്പലില്‍ സ്ത്രീകളും കുട്ടികളും ആണ് കൂടുതലായി ഉണ്ടായിരുന്നത്. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളും ആയി പോയ നിരവധി കപ്പല്‍ കടലില്‍ അകപ്പെട്ടിട്ടുണ്ട് എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. വിശന്ന് തളര്‍ന്നതിനാല്‍ പലര്‍ക്കും നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു. വിശപ്പ് സഹിക്കാതെ ആളുകള്‍ ദേഹോപദ്രവം നടത്തി ഇയിരുന്നെന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.
4. രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിക്കുന്നതായി കണക്കുകള്‍. കൊവിഡ് ബാധിതരുടെ എണ്ണം 12,000 കടന്ന് ഇരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12,380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടവര്‍ 1,488 പേരാണ്. ഓരോ ദിവസവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്ക് ആണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഐ.സി.എം.ആര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു
5. റാപ്പിഡ് കിറ്റുകളുടെ അഭാവം കാരണം ഫലം വൈകുന്നുണ്ട്. ചൈനയില്‍ നിന്ന് ഇന്ന് റാപ്പിഡ് കിറ്റുകള്‍ എത്തും. 3 ലക്ഷം കിറ്റുകളാണ് ഇന്ന് എത്തുകയെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. അതേ സമയം രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതേകുറിച്ച് ഇന്ന് കൂടിയാലോചനകള്‍ നടന്നേക്കും. ലോക്ക് ഡൗണ്‍ തുടരുന്നതിനില്‍ ദിവസം 40,000 കോടി രൂപയുടെ നഷ്ടം എന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തല്‍.
6. ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കു കൂട്ടിയതിലും നേരത്തെ തിരിച്ച് എത്തിക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്ക് ആയുള്ള സൗകര്യങ്ങള്‍ ഒരുക്കണം എന്ന കേന്ദ്ര നിര്‍ദേശം ഇന്നലെ കേരളത്തിന് ലഭിച്ചു. അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യു.എ.ഇയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് ആഴ്ച നിര്‍ണായകം ആകും എന്നാണ് വിലയിരുത്തല്‍. ഗള്‍ഫിലെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ കൊവിഡ് തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്കയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഉള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍