ന്യൂയോർക്ക്: അനുജന്റെ സംസ്ക്കാരത്തിന് തലേ ദിവസം ജ്യേഷ്ഠനും മരിച്ചു. ന്യൂയോർക്കിൽ വർഷങ്ങളായി താമസിക്കുന്ന തിരുവല്ല നെടുമ്പ്രം കൈപ്പംചാലിൽ ഹൗസിൽ ജോസഫ്.കെ.ജോസഫാണ് (78) ഇളയ സഹോദരൻ ഈപ്പൻ.കെ.ജോസഫിന്റെ സംസ്ക്കാരച്ചടങ്ങിന് തലേദിവസം മരണമടഞ്ഞത്. കൊവിഡ് ബാധിച്ചായിരുന്നു ഈപ്പൻ. കെ.ജോസഫിന്റെ (74)മരണം. എന്നാൽ ജോസഫ്.കെ.ജോസഫ് അസുഖബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
ഏപ്രിൽ ആറിന് മരണമടഞ്ഞ ഈപ്പന്റെ സംസ്ക്കാരം ന്യൂയോർക്ക് എൽമണ്ടിലുള്ള സെന്റ് വിൻസന്റ് ഡി പോൾ മലങ്കര കത്തോലിക്കാ പള്ളിയിൽ ഇന്നലെ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ജോസഫും മരണമടഞ്ഞത്. ഇരുവരുടേയും പ്രർത്ഥനാ ശുശ്രൂഷാ ചടങ്ങുകൾ ഇന്ന് ഒരുമിച്ച് ഇതേ പള്ളിയിൽ നടക്കും. ആലീസ് ഈപ്പനാണ് ഈപ്പൻ.കെ.ജോസഫിന്റെ ഭാര്യ. സരുൺ ഈപ്പൻ, വരുൺ ഈപ്പൻ എന്നിവർ മക്കളാണ്.
ഈപ്പന്റെയും ജോസഫിന്റെയും ഇളയ സഹോദരനാണ് ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രം നിർമ്മിച്ച ഫിലിപ്പോസ് കെ.ജോസഫ്( ഷാജി).ഷാജിയുടെ പിറന്നാൾ ദിനത്തിലായിരുന്നു സഹോദരനായ ജോസഫിന്റെ മരണം സംഭവിച്ചത്. ഔസേഫ് ജോസഫിന്റെയും റാഹേലമ്മയുടെയും ഒമ്പതു മക്കളിൽ മൂത്ത മകനാണ് ജോസഫ്. മൂന്നാമത്തെ മകനാണ് ഈപ്പൻ.
ജോസഫ്.കെ.ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് തിരുവല്ല പുരമറ്റം വെള്ളിക്കര മാളിയേക്കൽ കുടുംബാംഗമാണ്. സ്റ്റാൻലി,സ്റ്റീവ്,സ്റ്റാൻസി എന്നിവർ മക്കളാണ്.ഈ കുടുംബാംഗങ്ങളെല്ലാം വർഷങ്ങളായി അമേരിക്കയിൽ താമസമാണ്. യു.എസ്.ഫെഡറൽ റിസർവ്വ് ബാങ്കിന്റെ ന്യൂയോർക്ക് ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥനാണ് ഷാജി. സിദ്ധിഖ് സംവിധാനം ചെയ്ത ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ഡോക്കുമെന്ററി നിർമ്മിച്ചതും ഷാജിയായിരുന്നു