വാഷിംഗ്ടൺ ഡി.സി: ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടും കൊവിഡ് -19 വ്യാപനം ശമനമില്ലാതെ തുടരുന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും ഒന്നാമതായ അമേരിക്കയിൽ കൊവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞെന്ന് അവകാശപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചില സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പറഞ്ഞു.
'രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ കുറവ് നിലനിൽക്കുമെന്നാണ് പ്രതീക്ഷ. ഗവർണർമാരോട് കൂടിയാലോചിച്ച് നിയന്ത്രണങ്ങൾ പിൻവലിക്കും. ഇതിന്റെ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. നമ്മൾ തിരിച്ചുവരും.രാജ്യത്തെ പഴയതുപോലെ ആക്കണമെന്നും' ട്രംപ് പറഞ്ഞു.
എന്നാൽ ഇന്നലെ മാത്രം 2,482 പേർ മരിച്ച അമേരിക്കയിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 6.45 ലക്ഷം രോഗികളാണ് അമേരിക്കയിലുള്ളത്. മരണം 30,000ത്തോട് അടുക്കുന്നു. 48,000 പേരാണ് രോഗവിമുക്തരായത്.
മേയ് ആദ്യം നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ട്രംപ് ഭരണകൂടം. എന്നാൽ നിലവിലെ സ്ഥിതിയിൽ നേരത്തെ തന്നെ ഭാഗികമായി നിയന്ത്രണങ്ങൾ പിൻവലിക്കാമെന്നാണ് ട്രംപിന്റെ നിലപാട്.
യൂറോപ്പിൽ ആകെ രോഗികൾ 10 ലക്ഷത്തോളം. ചില യൂറോപ്യൻ രാജ്യങ്ങളിൽ രോഗവ്യാപനത്തിന് കുറവുണ്ടെങ്കിലും ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന.
കൊവിഡ് വാക്സിൻ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് മേയ് നാലിന് സന്നദ്ധ രാജ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ സമ്മേളനം.
ഇറ്റലിയിൽ 21645 പേരും സ്പെയിനിൽ 19130 പേരും ബ്രിട്ടനിൽ 12868 പേരും ഫ്രാൻസിൽ 17167 പേരും ജർമ്മനിയിൽ 3804 പേരും ബെൽജിയത്തിൽ 4857 പേരും നെതർലാൻഡ്സിൽ 3134 പേരും ഇറാനിൽ 4777 പേരും മരിച്ചു.
ഇറ്റലിയിലും സ്പെയിനിലും കൊവിഡ് ഭീതിക്ക് നേരിയ ശമനം. അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജപ്പാനിൽ മരണം നാലു ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്.
ഫ്രാൻസ്, ബെൽജിയം, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങൾ ലോക്ഡൗൺ നീട്ടി.
ആസ്ട്രേയിയിൽ നാല് ആഴ്ച കൂടി നിയന്ത്രണങ്ങൾ.
ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ആസ്ട്രിയ, ഹംഗറി,പോളണ്ട് എന്നീ രാജ്യങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ്. സ്കൂളുകൾ തുറക്കുന്നതിനെതിരെ ഡെൻമാർക്കിൽ പ്രതിഷേധം.
ലോകബാങ്ക് അംഗങ്ങളായ നൂറ് രാജ്യങ്ങൾ അടിയന്തര വായ്പയ്ക്ക് അപേക്ഷിച്ചു.
അമേരിക്കയിൽ പി.പി.എ കിറ്റിന് ക്ഷാമം.
ദക്ഷിണ കൊറിയയിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ.