ചെന്നൈ: കാനഡയിൽ സിനിമാ സംവിധാനം പഠിക്കാൻ പോയ മകൻ ലോക്ക് ഡൗണിനെത്തുടർന്ന് അവിടെ കുടുങ്ങിയതിന്റെ ടെൻഷനിലാണ് ഇളയ ദളപതി വിജയ്. വിജയ്‌യുടെ മകൻ ജാസൺ സഞ്ജയ് രണ്ടാഴ്ചയായി ടൊറന്റോയിലെ താമസ സ്ഥലത്താണെന്നാണ് വിവരം. വിജയ്‌യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിലാണ്. അച്ഛനും അമ്മയും ജാസണുമായി ദിവസവും ഫോണിൽ ബന്ധപ്പെടുന്നുണ്ട്.
കൊവിഡ് ബാധിച്ച് കാനഡയിൽ ഇതിനകം 850ലേറെപ്പേർ മരിക്കുകയും മുപ്പതിനായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
പ്ളസ് ടു പാസായ ഉടൻ ജാസൺ ടൊറന്റോയിലെ യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു. സ്കൂൾ പഠനകാലത്ത് ഷോർട്ട് ഫിലിം സംവിധാനം ചെയ്യുകയും ഇതിൽ അഭിനയിക്കുകയും ചെയ്തു. 2009ൽ ഇറങ്ങിയ വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ ജാസൺ അച്ഛനൊപ്പം ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
വിക്രമിന്റെ മകൻ ധ്രുവിനെയും ജാസണെയും നായകന്മാരാക്കി പ്രമുഖ സംവിധായകൻ ശങ്കർ സിനിമ ഒരുക്കുമെന്നും ഇടയ്ക്ക് വാർത്ത പരന്നിരുന്നു. സൂപ്പർഹിറ്റ് സിനിമയായ ഗജനിയുടെ സംവിധായകൻ എ.ആർ. മുരുകദാസ് ജാസണെ നായകനാക്കി സിനിമയൊരുക്കാൻ തയ്യാറായെന്നും മകന്റെ കോഴ്സ് കഴിഞ്ഞിട്ട് മതിയെന്ന് വിജയ് നിർദ്ദേശിച്ചെന്നും വാർത്തയുണ്ട്.
വിജയ്‌യുടെ പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസ് ലോക്ക്ഡൗൺ കാരണം മാറ്റിവച്ചിരിക്കുകയാണ്. ഈ മാസം 9നാണ് റിലീസ് നിശ്ചയിച്ചിരുന്നത്.