തിരുവനന്തപുരം: കളിപറഞ്ഞ് കൈയടി നേടുന്ന മലയാളികളുടെ പ്രിയപ്പെട്ട കമന്റേറ്റർ ഷൈജു ദാമോദരൻ ലോക്ക് ഡൗൺ കാലത്തും നാവിന് ലോക്കിടുന്നില്ല... ലൈവ് ക്വാറന്റൈൻ ക്വിസിലൂടെ വീടുകളിൽ പോസ്റ്റായിരിക്കുന്നവരെ അറിവിന്റെ മൈതാനത്തേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുകയാണ് അദ്ദേഹം.
തന്റെ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ഏപ്രിൽ ഒന്നു മുതൽ 14 വരെ എല്ലാ ദിവസവും രാത്രി 8 മുതൽ 8.30 വരെയായിരുന്നു ക്യു സ്ക്വയർ എന്ന ക്വാറന്റൈൻ ക്വിസ് പരിപാടി. എല്ലാ ദിവസവും രണ്ടായിരത്തോളം പേർ കായിക മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ഈ പരിപാടിയിൽ ഉത്തരങ്ങൾ കമന്റ് ചെയ്യുകയും അയ്യായിരത്തോളം പേർ പങ്കെടുക്കുകയും ചെയ്തു.
ഫുട്ബാൾ താരം ആസിഫ് സഹീർ, വോളി താരം കിഷോർ എന്നിവരെല്ലാം ലൈവ് ചാറ്റിലൂടെ ക്വാറന്റൈൻ ക്വിസിന്റെ ഭാഗമായി. എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കൂടി പങ്കാളിത്തത്തോടെ നാളെ മുതൽ ക്യു സ്ക്വയർ ക്വിസിന്റെ രണ്ടാം ഭാഗം ആരംഭിക്കുമെന്ന് ഷൈജു ദാമോദരൻ കേരളകൗമുദിയോട് പറഞ്ഞു.
നിങ്ങളിത് കാണുക
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കളി പറച്ചിലും ഉദ്ഘാടനങ്ങളുമുൾപ്പെടെയുള്ള നമ്മുടെ പരിപാടികളെല്ലാം മുടങ്ങി.
ഈ സമയം വീട്ടിൽ വെറുതേയിരിക്കാതെ എങ്ങനെ ഉപകാരപ്രദമാക്കാമെന്ന ചിന്തയിൽ നിന്നാണ് ക്വാറന്റൈൻ ക്വിസ് എന്ന ആശയം രൂപപ്പെട്ടതെന്ന് ഷൈജു പറഞ്ഞു.
വിജയിയെ കണ്ടെത്തുകയെന്നതും വലിയ പണിയാണ്. വിജയികളാകുന്നവരുടെ പേരും ഫോട്ടോയും ഓരോദിവസവും ഷൈജുവിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
അറിവ് നേടിയും നൽകിയും
എല്ലാ ദിവസവും രാവിലെ ബ്രേക്ക് ഫാസ്റ്റിന് ശേഷം വൈകിട്ടത്തെ പരിപാടിക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതിനുള്ള ഗവേഷണം ആരംഭിക്കും. മക്കളായ അഭിനവും അഥിനവുമാണ് അസിസ്റ്റന്റുമാർ. പ്രധാന കായിക മുഹൂർത്തങ്ങളുടെ കമന്ററികളും ചോദ്യങ്ങളായി ഉൾപ്പെടുത്തി.
പ്രപഞ്ചത്തിലുള്ള എന്തിന്റെയും ഉത്തരം ഗൂഗിളിൽ സെക്കൻഡുകൾക്കുള്ളിൽ കിട്ടുന്ന ഇന്നത്തെ കാലത്ത് ചോദ്യങ്ങൾ ഉണ്ടാക്കുകയെന്നത് വളരെ ശ്രമകരമായിരുന്നു. ഒറ്റ വാക്കിലുള്ള ചോദ്യങ്ങൾക്ക് പെട്ടെന്ന് ഉത്തരം കിട്ടുമെന്ന് അറിയാമായിരുന്നതിനാൽ ധാരളം ക്ലൂ ഉള്ള കഥ പോലെയാണ് ചോദ്യങ്ങൾ തയ്യാറാക്കിയത്.
ഉദാഹരണത്തിന് ഒരു ചോദ്യം ഇങ്ങനെ: ഈ താരത്തിന്റെ ജേഴ്സി നമ്പർ 7ആണ്, നാട്ടിൽ ഇദ്ദേഹത്തിന്റെ പേരിൽ എയർ പോർട്ടുണ്ട്, ക്രിസ്റ്റ്യാനൊ റൊണാൾഡോയെന്ന് കമന്റ് ബോക്സിൽ ഉത്തരങ്ങൾ പറന്നെത്തി. ഇയാൾ മാഞ്ചസ്റ്റർ യുണൈറ്രഡിനായി കളിച്ചിട്ടുണ്ട്. റൊണാൾഡൊ! ഉറപ്പിച്ചെന്ന് വീണ്ടും കമന്റുകൾ. എന്നാൽ അടുത്ത ക്ലൂവിൽ പണിപാളി. ഇയാൾ ലോകകപ്പിൽ കളിച്ചിട്ടില്ല. റൊണാൾഡോയെന്ന് കമന്റിട്ടവരുടെ ഉത്തരം മുട്ടി. ജോർജ് ബെസ്റ്റായിരുന്നു ശരിയുത്തരം.
ഇങ്ങനെ ചോദ്യങ്ങൾ കണ്ടെത്തുന്നതിലൂടെ അറിവുകൾ പകർന്ന് നൽകുന്നതിനൊപ്പം തനിക്കും വളരെയേറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും ഇനി കമന്ററി പറയുമ്പോൾ ഇവയെല്ലാം ഉൾപ്പെടുത്താനാകുമെന്നത് വലിയ നേട്ടമായെന്നുമാണ് ഷൈജുവിന്റെ പക്ഷം.
ക്യു സ്ക്വയർ 2 നാളെ മുതൽ
എല്ലാവരും പേഴ്സണലായും പേജിലുമെല്ലാം ക്വിസ് പരിപാടി തുടരണമെന്ന് ആവശ്യപ്പടുന്നതിനാൽ ക്യു സ്ക്വയർ സീസൺ 2 നാളെമുതൽ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ഷൈജു. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എല്ലാ ദിവസവും വിജയികൾക്ക് സമ്മാനം നൽകാൻ തയ്യാറായിട്ടുണ്ട്.