കോഴിക്കോട്: കണ്ണൂരിൽ ഒരുകുടുംബത്തിലെ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെറുവാഞ്ചേരിയിലെ ഒരുവീട്ടിലെ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 81കാരനും ഉൾപ്പെടുന്നു. അതേസമയം കോഴിക്കോട്ടും സമാനമായ അവസ്ഥയുണ്ട്. ഇവിടെ ഒരു കുടുംബത്തിലെ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഏറ്റവും അവസാനം രോഗം സ്ഥിരീകരിച്ച ആറ് പേരിൽ അഞ്ച് പേരും ഒരു കുടുംബത്തിൽപ്പെട്ടവരാണ്. കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വിദേശത്തും നിന്നും എത്തിയ രണ്ട് യുവാക്കൾ, ഇവരുടെ പിതാവ്, മാതാവ്, സഹോദരിയുടെ മകൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ കൊവിഡ് ബാധിച്ചു മരിച്ച മാഹി സ്വദേശിയുമായുള്ള സമ്പർക്കം മൂലമാണ് ഇവർക്കെല്ലാം രോഗം സ്ഥിരീകരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഈ കുടുംബത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് യുവാക്കളുടെ പിതാവും ഗൃഹനാഥനുമായ വ്യക്തിക്കാണ്. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോൾ തന്നെ വീട്ടിലും ആശുപത്രിയിലും ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളെ ജില്ലാ ഭരണകൂടം ഇടപെട്ട് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു.