gold

കൊച്ചി: ലോക്ക്ഡൗണിൽ എപ്രിൽ 20ന് ശേഷം ഇളവുകൾ പരിഗണിക്കുമ്പോൾ സ്വർണാഭരണ വ്യാപാര, അനുബന്ധന മേഖലകൾ കൂടി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇക്കുറി അക്ഷയതൃതീയ ഏപ്രിൽ 26ന് ആണ്. സംസ്ഥാനത്തും ദക്ഷിണേന്ത്യയിലും ഒരു ദിവസം ഏറ്റവുമധികം സ്വർണം വിറ്റഴിക്കപ്പെടുന്ന ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയയ്ക്ക് രണ്ടുനാൾ മുമ്പ് കടകൾ തുറക്കാൻ അനുവദിച്ചാൽ, ഉപഭോക്താക്കൾക്ക് സ്വർണം തിരക്കൊഴിവാക്കി ബുക്ക് ചെയ്യാനും അക്ഷയതൃതീയ നാളിൽ വാങ്ങാനും കഴിയും.

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയം സ്വീകരിക്കാൻ മടിക്കുന്ന സാഹചര്യത്തിൽ, പഴയ സ്വർണം വിറ്റ് പണം സാമ്പത്തിക ദുരിതം മറികടക്കാൻ ശ്രമിക്കുന്ന ജനങ്ങൾക്ക് സ്വർണക്കടകൾ തുറന്നിരിക്കുന്നത് ആശ്വാസമാകുമെന്നും എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ‌ എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു.