തിരുവനന്തപുരം: ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സംസ്ഥാനത്തും ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തും നടപ്പാക്കും.
സംസ്ഥാനത്തെ ജില്ലകളെ നാലു മേഖലയാക്കി തിരിക്കുമെന്നും കേന്ദ്രസർക്കാരിൽനിന്നും ഇതിനു അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പോസിറ്റീവ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത കാസർഗോഡ് (61), കണ്ണൂർ (45), മലപ്പുറം (9) ജില്ലകളാണ് ഒന്നാം മേഖലയിൽ ഉൾപ്പെടുക. ഈ മൂന്നു ജില്ലകളിലും മെയ് 3 വരെ യാതൊരു ഇളവുമില്ലാതെ ലോക്ക്ഡൗൺ തുടരും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് രണ്ടാം മേഖലയിൽ ഉൾപ്പെടുത്തുക. ഈ ജില്ലകളിൽ 24 വരെ കടുത്ത നിയന്ത്രണം തുടരും. ഇളവുകൾ 24നുശേഷം പരിഗണിക്കും. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളാണ് മൂന്നാം മേഖല. കോട്ടയം, ഇടുക്കി ജില്ലകളാണ് നാലാം മേഖല. ഈ മേഖലകളിൽ ഏപ്രിൽ 20 നുശേഷം ഇളവുകൾ അനുവദിക്കും.
പരമ്പരാഗത വ്യവസായമേഖലകൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ലോക്ക്ഡൗൺ കാലത്ത് കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻഅനുമതി നൽകും. തൊഴിൽമേഖല സജീവമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർമാണ പ്രവർത്തിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതുപ്രകാരം ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ ഒഴിവാക്കി സുരക്ഷാക്രമീകരണം പാലിച്ച് നിർമാണ പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിലാളികൾ ശാരീരിക അകലം പാലിക്കണം. ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ അനുസരിക്കുകയും വേണം.
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായ മേഖല കയർ, കശുവണ്ടി, കൈത്തറി, ബീഡി,ഖാദി ഇത്തരം മേഖലകളില്‍ എല്ലാം പ്രവർത്തനം പുനരാരംഭിക്കേണ്ടതായിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ പ്രത്യേക എൻട്രി പോയിന്റുകൾ വേണം. അതിലൂടെയാകണം ജീവനക്കാർ പ്രവേശിക്കേണ്ടത്. ജീവനക്കാർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.
സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഉള്ള കമ്പനികളും ഇല്ലാത്ത കമ്പനികളും ഉണ്ട്. ഇല്ലാത്ത കമ്പനികൾ ജീവനക്കാർക്ക് വരുന്നതിനും പോകുന്നതിനും വാഹനസൗകര്യം ഏർപ്പെടുത്തണം. കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ 50 ശതമാനം പേർ മാത്രമേ പരമാവധി ഒരു
അവസരത്തിൽ തൊഴിലെടുക്കാവൂ. അത്തരം സ്ഥാപനങ്ങൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കണം.
മെഡിക്കൽ രംഗത്ത് വിവിധ ആവശ്യങ്ങൾക്ക് റബർഉപയോഗിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് റബ്ബര്‍ സംസ്‌കരണ യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടനിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിറുത്തിവെക്കേണ്ടി വന്ന സ്ഥിതിയാണ്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനകം നല്ല ഭാഗം പൂർത്തിയാക്കാൻ കഴിയണം. ലൈഫ് പദ്ധതിയിലുളള വീടുകളുടെ നിർമ്മാണവും പൂർത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം കാര്യങ്ങൾക്ക് ആവശ്യമായ അനുമതി നല്‍കേണ്ടതാണ്.
കൃഷിക്കും ഇളവ് അനുവദിച്ചിട്ടുണ്ട്യ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് എല്ലാ പ്രദേശങ്ങളിലും കാർഷികവൃത്തി അനുവദിക്കും. വിത്തിടുന്നതിന് പാടശേഖരങ്ങൾ പാകപ്പെടുത്തേണ്ടതുണ്ട്. മഴക്കാല പൂർവ പ്രവർത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതെല്ലാം അനുവദിക്കും. കാർഷികോല്‍പന്നങ്ങൾ സംഭരിക്കുകയും മാർക്കറ്റിൽ എത്തിക്കുകയും അത് വില്പന നടത്തുകയും ചെയ്യുന്നതിന് മാർക്കറ്റുകൾ തുറക്കാം.
ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ ഓയിൽ മിൽ, റൈസ് മിൽ, ഫ്ലവർ മിൽ, വെളിച്ചണ്ണ ഉല്പാദനം, ഇത്തരം കാര്യങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകും. കാർഷിക ഉല്പന്നങ്ങളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകൾക്കും അനുമതി നല്‍കും. കൃഷിക്ക് വളവും വിത്തും വില്‍ക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നല്‍കും. മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നല്‍കും.പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്ററുകൾ എന്നിവയ്ക്കും പ്രവർത്തിക്കാൻ അനുമതി നൽകും.
തോട്ടം മേഖലയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോ തെറാപ്പിയുടെ യൂണിറ്റുകൾ ഇങ്ങനെയുള്ള സ്ഥാപനങ്ങൾതുറന്നു പ്രവർത്തിക്കേണ്ടതാണ്.
ആയുർവേദ മേഖലയിലും ഹോമിയോ മേഖലയിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് പുനരാരംഭിക്കും.