കാട്ടാക്കട: കാട്ടാക്കട ജംഗ്ഷനിലെ വാഹന പരിശോധനയ്ക്കിടെ യാത്രക്കാരന്റെ കൈവശം പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എന്നാൽ വനം വകുപ്പ് അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിച്ചു കൊണ്ട് പോകുകയാണെന്ന് ബോദ്ധ്യപ്പെട്ടതോടെ രംഗം ശാന്തമായി. കാട്ടാക്കട മുതിയാവിള സ്വദേശിയായ പാമ്പുപിടിത്തക്കാരൻ രതീഷ് മാറനല്ലൂർ പഞ്ചായത്തിലെ കണ്ടലയിൽ ഒരു വീട്ടിലെ പൊത്തിൽ മറഞ്ഞിരുന്ന മൂർഖനെ പിടികൂടി കുപ്പിയിലാക്കി തിരിച്ചു വരുന്ന വഴിയാണ് കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ ഡി. ബിജുകുമാറും സംഘവും തടഞ്ഞത്.
പരിശോധനയിൽ കുപ്പിയിലടച്ച പാമ്പിനെ കണ്ടെത്തിയതോടെ പൊലീസുകാർ ചുറ്റിനും കൂടി. 12 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ആട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നതെന്നും രതീഷ് വിശദീകരിച്ചു. പടം പൊഴിക്കാൻ സമയമായ ഏഴു വയസുള്ള പെൺപാമ്പാണ് ഇതെന്നും രതീഷ് പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ഒടുവിൽ അത്യാഹിത സേവനം ലഭ്യമാക്കേണ്ട ആൾ തൊട്ടടുത്തു തന്നെയുണ്ടല്ലോ എന്നു പറഞ്ഞ് പേരും വിലാസവും നമ്പറും വാങ്ങി രതീഷിനെ പൊലീസ് കടത്തിവിട്ടു.