തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പച്ചക്കറി വണ്ടിയിൽ കയറി കേരളത്തിലേക്ക് കടന്ന മൂന്ന് പേരെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, ഭൂത പാണ്ടി, സത്യനാഥൻ എന്നിവരെയാണ് ഇന്നലെ കരമന പൊലീസ് പിടികൂടിയത്. കരമനയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവിടെ ജോലി ചെയ്തുവന്നിരുന്ന ഇവർ നാട്ടിൽ പോയതിന് ശേഷമാണ് ലോക്ക് ഡൗൺ നിലവിൽ വന്നത്. ഇന്നലെ ഉച്ചയോടെ മൂന്നുപേരും ഹോട്ടലിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ആരോഗ്യ വകുപ്പിന് കൈമാറി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കേരളത്തിലേക്കു വരാൻ വാഹനം ലഭിക്കാത്തതിനെ തുടർന്നാണ് പച്ചക്കറി വണ്ടിയിൽ കയറി അതിർത്തി കടന്നതെന്ന് ഇവർ പറഞ്ഞു.