ബീജിംഗ് : ലോകത്ത് നാശം വിതയ്ക്കുന്ന കൊവിഡ് വൈറസിന്റെ രണ്ടാംആക്രമണം ചൈനയിലും മറ്റുരാജ്യങ്ങളിലും വീണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നവംബർ മാസത്തോടെയാകും കൊവിഡ് വൈറസ് ബാധ ചൈനയിൽ വീണ്ടും ഉണ്ടാവുക എന്നാണ് ചൈനീസ് ആരോഗ്യ വിദഗ്ദ്ധൻ ഴാങ് വെനോങ്ക് മുന്നറിയിപ്പ് നൽകുന്നത്. ഒക്ടോബറിനുള്ളിൽ വൈറസ് വ്യാപനം തടയാൻ കഴിഞ്ഞില്ലെങ്കിൽ ശൈത്യകാലത്തോടെ കൊവിഡിന്റെ രണ്ടാംആക്രമണം ചൈനയിലും മറ്റ് രാജ്യങ്ങളിലും ഉണ്ടാകുമെന്നാണ് ഴാങ്ങിന്റെ പ്രവചനമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് വിതച്ച നാശത്തിൽ നിന്ന് സാവധാനം കരയ്ക്കുകയറുന്ന ചൈന ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനിടെയാണ് പുതിയ പ്രവചനം. മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഴാങ് നിർദ്ദേശിക്കുന്നത്. രോഗ പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും രോഗം സ്ഥിരീകരിച്ചവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതുമാണ് മഹാമാരിയെ അകറ്റാൻ ഴാങ് നിർദേശിക്കുന്ന മാർഗം.
പരിശ്രമിച്ചാൽ മേയ് മാസത്തോടെ അമേരിക്ക ഇപ്പോൾ നേരിടുന്ന ഭീഷണി നിയന്ത്രിക്കാൻ ആവുമെന്നും ഴാങ്ങ് നിരീക്ഷിക്കുന്നു. ഇതിന് ആരോഗ്യരംഗത്ത് അമേരിക്ക-ചൈന ബന്ധവും സഹകരണവും ഊഷ്മളമായിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.