വർദ്ധിച്ച അന്തരീക്ഷ താപനില ശരീരത്തെ ചില ഘട്ടങ്ങളിൽ അപകടത്തിലാക്കും. ഉയർന്ന ശരീരതാപം കാരണം ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടാകും. സൂര്യാഘാതമേറ്റെന്ന് തോന്നിയാൽ ഉടൻ തണലിലേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കാം. തണുത്ത ശുദ്ധജലം, ജലാംശമുള്ള പഴവർഗങ്ങൾ എന്നിവ നൽകുക. അവശനില തുടരുകയോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ വ്യക്തിയെ ഉടൻ ആശുപത്രിയിലെത്തിക്കുക. വേനൽക്കാലത്ത് ദാഹമില്ലെങ്കിൽപ്പോലും ധാരാളം വെള്ളം കുടിക്കുക. പകൽ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെ വെയിലിൽ ജോലി ചെയ്യരുത്. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വെയിലിൽ സഞ്ചരിക്കുമ്പോൾ കുട ഉപയോഗിക്കുക. നേർത്തതും ഇളം നിറത്തിലുള്ളതുമായ അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഒരു കാരണവശാലും ഇരിക്കരുത്.