ന്യൂയോർക്ക്: ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. രോഗികളുടെ എണ്ണം 2,153,620 അയി. മരണ സംഖ്യ 145000 കടന്നു. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4500ഓളം പേർ മരിച്ചു. ഇതോടെ യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം പിന്നിട്ടു. ആറ് ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യൂയോർക്കിലാണ് കൂടുതൽ രോഗികളുള്ളത്.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിൽ ചൈനയ്ക്കുള്ള പങ്കിനെക്കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ വിഭാഗവും സംയുക്തമായി അന്വേഷണം നടത്തുന്നതായി റിപ്പോർട്ട് ഉണ്ട്. ചൈനയിലെ വുഹാനിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നും അബദ്ധത്തിൽ അത് പൊതുജനങ്ങൾക്കിടയിൽ വ്യാപിക്കുകയായിരുന്നുവെന്നുമാണ് യു.എസിന്റെ ആരോപണം. ഇത് ചൈന നിഷേധിച്ചിട്ടുണ്ട്.
അമേരിക്കയെെ പോലെ തന്നെ വൈറസ് ആക്രമണം കൂടുതലേറ്റ രാജ്യങ്ങളാണ് ഇറ്റലിയും സ്‌പെയിനും ഫ്രാൻസും. ഇറ്റലിയിൽ കൊവിഡ് ബാധിച്ച് 22,170 പേർ മരിച്ചു. ഒന്നര ലക്ഷത്തിലധികം രോഗികളും രാജ്യത്തുണ്ട്. സ്‌പെയിനിൽ മരണസംഖ്യ 19,315 ആയി ഉയർന്നു.1,84,948 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫ്രാൻസിൽ മരണസംഖ്യ പതിനെട്ടായിരത്തോളമായി. അതേസമയം, ഇന്ത്യയിൽ നിലവിൽ 12,759 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാനൂറിലധികം പേർ മരിച്ചു.