tablighi

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചതിന് തബ്ലീഗി ജമാഅത്ത് നേതാവ് മൗലാനാ സാദ് ഖാണ്ഡൽവിക്കെതിരെ എൻഫോഴ്സ്‌മെന്റ് കേസെടുത്തു. തബ്ലീഗി ജമാഅത്ത് മർക്കസിന്റെ പണമിടപാടുകളെക്കുറിച്ചും ഇ.ഡി അന്വേഷിച്ചുവരികയാണ്.

'ജമാഅത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. നിർണായകമായ പല രേഖകളും കിട്ടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നിരീക്ഷണത്തിൽ കഴിയുന്ന ഖാണ്ഡൽവിയെ ചോദ്യം ചെയ്യും. സംഘടന വിദേശത്ത് നിന്നും മറ്റും സ്വീകരിച്ച സംഭാവനകളെക്കുറിച്ചും പരിശോധിച്ച് വരികയാണ്'-അധികൃതർ പറഞ്ഞു.

ലോക്ക് ഡൗൺ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് 1897ലെ പകർച്ച വ്യാധി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ജമാഅത്ത് നേതാവിനും അഞ്ച് പേർക്കുമെതിരെ ഡൽഹി ക്രൈബ്രാഞ്ച് കേസെടുത്തിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൽഹിയിൽ നടന്ന മത സമ്മേളനത്തിൽ മൗലാന മുഹമ്മദ് സാദിന്റെ വിദ്വേഷ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. കൊവിഡ് 19നുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കരുതെന്നായിരുന്നു പ്രസംഗത്തിലൂടെ ഇയാൾ ആഹ്വാനം ചെയ്തത്.