pic-

ന്യൂഡൽഹി : മദ്ധ്യപ്രദേശിൽ കൊവിഡ് 19 രോഗം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കണക്കുകൾ പ്രകാരം ഇൻഡോറിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലകളുടെ പട്ടികയിലും ഇൻഡോർ സ്ഥാനം പിടിച്ചിട്ടുണ്ട്.


മദ്ധ്യപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ഇൻഡോറിൽ ഇതുവരെ 842 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 298 കേസുകൾ കഴിഞ്ഞ ഒരു ദിവസം മാത്രം റിപ്പോർട്ട് ചെയ്തതാണ്.
മദ്ധ്യപ്രദേശിലെ 52 ജില്ലകളിൽ 26 ജില്ലകളിലും മഹാമാരി റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. നഗരത്തിലെ തെരുവിൽ കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിന്നാലെ തന്നെ പൊലീസ് എത്തി നോട്ടുകൾ സാനിറ്റെസ് ചെയ്ത് പിടിച്ചെടുക്കുകയും ചെയ്തു. വൈറസ് വ്യാപിപ്പിക്കുന്നതിനായി നോട്ടുകൾ ഉപേക്ഷിച്ചതാണോ എന്ന സംശയം പൊലീസിനുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അതേ സമയം വ്യാഴാഴ്ച മാത്രം 361 പേർക്കാണ് മദ്ധ്യപ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1299 ആയി. കൊവിഡ് മൂലം 63 പേർക്കാണ് മദ്ധ്യപ്രദേശിൽ ഇതുവരെ ജീവൻ നഷ്ടമായത്. ഇതിൽ 47 പേരും ഇൻഡോറിൽ നിന്നുള്ളവരാണ്.