kaumudy-news-headlines

1. ലോക്ഡൗണ്‍ ഇളവുകളില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ഡൗണില്‍ ഇളവ് നല്‍കി. ഏപ്രില്‍ 20 മുതല്‍ എല്ലാ സുഗന്ധ വ്യഞ്ജന തോട്ടങ്ങളേയും ഇളവുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. തെങ്ങിന്‍ തോപ്പുകള്‍ക്കും തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ബാധകമല്ല. സഹകരണ സംഘങ്ങള്‍ക്കും ഏപ്രില്‍ 20 ന് ശേഷം മിതമായ ജീവനക്കാരെ വച്ച് തുറന്ന് പ്രവര്‍ത്തിക്കാം. കൊവിഡ് പ്രതിസന്ധി നേരിടാന്‍ പുതിയ പാക്കേജ് ആലോചിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം കോടിയുടെ പാക്കേജ് ആണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. ആദായ നികുതി ഇളവ് നല്‍കുന്ന കാര്യവും പരിഗണനയില്‍ ആണ്


2. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിന് ഉള്ളില്‍ 1,007 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 420ല്‍ അധികം പേര്‍ മരിച്ചു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ 1640 പേരാണ് കൊവിഡ് രോഗികള്‍. തമിഴ്നാട്ടില്‍ ഇന്നലെ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 1267 ആയി. വില്ലു പുരത്ത് ചികിത്സയില്‍ ആയിരുന്ന 57 കാരന്‍ മരിച്ചതോടെ മരണം 15 ആയി. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പുതിയ കൊവിഡ് കേസുകളില്‍ കുറവുള്ളത് കേന്ദ്രത്തിന് ആശ്വാസമാണ്
3. 24 മണിക്കൂറിനിടെ മുംബയില്‍ 56 ഇടങ്ങളെ തീവ്ര ബാധിത മേഖലകളായി പ്രഖ്യാപിച്ചു. മുംബയില്‍ മാത്രം 438 തീവ്ര ബാധിത മേഖലകളാണ് ഉള്ളത്. രോഗികളില്‍ പ്ലാസ്മാ ചികിത്സ തുടങ്ങാന്‍ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടി. ഉത്തര്‍ പ്രദേശില്‍ നിന്ന് ലോക്ഡൗണ്‍ ലംഘിച്ച് മഹാരാഷ്ട്രയില്‍ തിരിച്ച് എത്തിയ 30 അംഗത്തെ പൊലീസ് പിടികൂടി ക്വാറന്റീന്‍ ചെയ്തു
4. കൊവിഡ് വ്യാപനവും ലോക്ഡൗണും നില നില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഉള്ള സാധ്യത തള്ളി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സിറ്റിംഗ് എം.എല്‍.എമാരായിരുന്ന തോമസ് ചാണ്ടി, എന്‍. വിജയന്‍പിള്ള എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് നടത്തേണ്ട ഉപതിരഞ്ഞെടുപ്പുകളില്‍ ആണ് അനിശ്ചിതത്വം തുടരുന്നത്. കൊവിഡ് വൈറസ് വ്യാപനം മൂലം തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക പ്രശ്നങ്ങള്‍ ഉണ്ട്. കേരളത്തില്‍ മാത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ ഉള്ള സാവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കില്ല. തിരഞ്ഞെടുപ്പ് നടത്തണം എന്നുണ്ടെങ്കില്‍ മേയ് അവസാന വരാത്തോടെയോ ജൂണ്‍ ആദ്യമോ നടത്തണം. മെയ് 3ന് ശേഷം സാഹചര്യം വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.
5. അന്തിമ തീരുമാനം എടുക്കേണ്ടത് തീരഞ്ഞെടുപ്പ് കമ്മിഷനാണ് എന്നും ടീക്കാറാം മീണ അറിയിച്ചു. 2021 മെയിലാണ് പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുക. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവ് വന്നാല്‍ അവിടെ പിന്നെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത് ഇല്ല എന്നാണ് തീരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടം. ലോക്ക് ഡൗണ്‍ അവസാനിച്ചാലും ജനജീവിതം സാധാരണ നിലയില്‍ ആവാന്‍ പിന്നെയും സമയം എടുക്കും. സാമൂഹിക അകലം പാലിച്ച് കൊണ്ട് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക വെല്ലുവിളി ആണെന്നും ടീക്കാറാം മീണ പറഞ്ഞു.
6. കൊവിഡ് വ്യാപന ഭീതിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്നതിനിടെ മുഖ്യ പലിശ നിരക്കുകളില്‍ ഇളവു വരുത്തി വീണ്ടും റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താത്ത റിസര്‍വ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. നാല് ശതമാനത്തില്‍ നിന്ന് 3.75 ശതമാനം ആയാണ് കുറച്ചത്. രാജ്യത്തെ ചെറുകിട ഇടത്തരം മേഖലയ്ക്ക് 50,000 കോടി അനുവദിക്കുന്നതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നബാര്‍ഡ്, സിഡ്ബി, എന്‍.എച്ച്.ബി എന്നിവയ്ക്ക് 50,000 കോടി. സംസ്ഥനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് ആയി 60 ശതമാനം അധികം ഫണ്ട് അനുവദിക്കും എന്നും ശക്തികാന്ത ദാസ്
7. കൊവിഡ് വ്യാപനം മൂലം ആഗോള വ്യാപകമായി സാമ്പത്തിക രംഗം കൂപ്പു കുത്തുമ്പോള്‍ രാജ്യം 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തും എന്നാണ് പ്രതീക്ഷ എന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരേയും പൊലീസിനേയും അഭിനന്ദിച്ചു കൊണ്ട് ആയിരുന്നു ആര്‍.ബി.ഐ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ബാങ്കുകള്‍ അവസരത്തിന് ഒത്ത് ഉയര്‍ന്നു. മാര്‍ച്ചില്‍ ഓട്ടോ മൊബൈല്‍ മേഖല കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടി എടുക്കേണ്ട സാഹചര്യമാണ് നിലവിലത്തേത് എന്നും ശക്തികാന്ത ദാസ്. ആവശ്യാനുസരണം പണം എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
8. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. മരണം 1,45,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,900 മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ മരണം 33,000 കടന്നു. ഇന്നലെ മാത്രം 2000ല്‍ അധികം പേരാണ് ഇവിടെ മരിച്ചത്. സ്‌പെയിനില്‍ മരണം 19,000 കടന്നു. 1,84,948 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് 22,170 പേര്‍ മരിച്ചു. ഒന്നര ലക്ഷത്തില്‍ അധികം രോഗികളും രാജ്യത്തുണ്ട്. ഫ്രാന്‍സില്‍ മരണസംഖ്യ 18,000 ആയി. അമേരിക്കയെ കൂടാതെ സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.